അ​പ​മാ​നി​ത​നാ​യി പ​ടി​യി​റ​ങ്ങി;  ‘പ്ര​തീ​ക്ഷ‍യി​ൽ’ ക​ഴി​ഞ്ഞ 11 മാ​സം

തിരുവനന്തപുരം: അപമാനഭാരത്തോടെയാണ് ഡി.ജി.പി ടി.പി. സെൻകുമാർ 2016 മേ‍യ് 31ന് പൊലീസ് ആസ്ഥാനത്തുനിന്ന് മടങ്ങിയത്. 33 വർഷത്തെ സേവനകാലയളവിൽ പല വെല്ലുവിളികളും നേരിട്ടിരുന്നു. പക്ഷേ, കഴിവുകെട്ടവനെന്ന് മുദ്രകുത്തി ഒരുസ്ഥാനത്തുനിന്നും നീക്കുന്നത് ആദ്യമായാണ്. 

പിണറായി സർക്കാർ വന്നാൽ തന്നെ പൊലീസ് മേധാവിസ്ഥാനത്തുനിന്ന് മാറ്റുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും അപമാനിച്ച് മടക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. തനിക്കു പകരം 1985 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ലോക്നാഥ് െബഹ്റയെ നിയമിച്ചത് വേദനക്ക് ആക്കം കൂട്ടി. തന്നെ വന്നുകണ്ട മാധ്യമങ്ങളോട് ആ അതൃപ്തി അദ്ദേഹം പരസ്യമാക്കുകയും ചെയ്തു. െബഹ്റക്ക് ചുമതല കൈമാറാൻ പോലും കാത്തുനിൽക്കാതെയായിരുന്നു പടിയിറക്കം. ജൂൺ ഒന്നിന് നടന്ന ബാറ്റൻ കൈമാറ്റച്ചടങ്ങിൽ പങ്കെടുക്കാൻ എ.ഡി.ജി.പി അനിൽകാന്തിനെ ചുമതലപ്പെടുത്തി. തുടർന്ന് പി.ടി.പി നഗറിലെ വസതിയായ ‘പ്രതീക്ഷ’യിലേക്കാണ് പോയത്. കുറച്ചുനാൾ വീടിന് പുറത്തേക്ക്പോലും പോയില്ല.

ഇതിനിടെ കേരള യൂനിവേഴ്സിറ്റിയിലെ ഗവേഷണപ്രബന്ധം സമർപ്പിച്ച് ഡോ. ടി.പി. സെൻകുമാറാ‍യി. തുടർന്ന് തന്നെ അന്യായമായി സ്ഥലംമാറ്റിയ നടപടിക്കെതിരെ നിയമപോരാട്ടത്തിന് തുടക്കം കുറിച്ചു. ആദ്യം അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിലും പിന്നീട് ഹൈകോടതിയിലും പോയി. അനൂകൂലവിധി ഉണ്ടാകാത്ത സാഹചര്യത്തിൽ മുന്നോട്ടുപോകേണ്ടെന്ന് പലരും ഉപദേശിച്ചിട്ടും അദ്ദേഹം വഴങ്ങിയില്ല. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ സി.എം.ഡി ആയി നിയമിതനായെങ്കിലും അവധിയിൽപ്പോയി. ഇതിനിടെ കേസ് സുപ്രീംകോടതിയിലെത്തി.

അവധി കാലാവധി കഴിഞ്ഞതോടെ സെൻകുമാറിനെ ഐ.എം.ജി ഡയറക്ടറായി സർക്കാർ നിയമിച്ചു. ഇവിടെ ചുമതലയേറ്റെങ്കിലും പൊതുവേദികളിൽനിന്നും മാധ്യമങ്ങൾക്കു മുന്നിൽനിന്നും സെൻകുമാർ അകലം പാലിച്ചു. ഒടുവിൽ കാത്തിരുന്ന വിധിയെത്തിയതോടെ അദ്ദേഹം നിലപാട് വ്യക്തമാക്കാൻ വീണ്ടും മാധ്യമങ്ങളെ കണ്ടു. പൊലീസ് സേനക്കൊന്നടങ്കം അഭിമാനകരമായ വിധിയിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - tp senkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.