കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ (78) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 10.50ഓടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്.
കേരളത്തിൽ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ അനിഷേധ്യ നേതാവാണ് ടി. നസിറുദ്ദീൻ. ഭാരത് വ്യാപാര സമിതി അംഗം, വാറ്റ് ഇംപ്ലിമെന്റേഷൻ കമ്മിറ്റി അംഗം, വ്യാപാരി ക്ഷേമ നിധി വൈസ് ചെയർമാൻ, കേരള മർക്കന്റയിൽ ബാങ്ക് ചെയർമാൻ, ഷോപ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമ നിധി ബോർഡ് മെംബർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1944 ഡിസംബർ 25ന് കോഴിക്കോട് കൂടാരപ്പുരയിൽ ടി.കെ. മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തെ മകനായി ജനിച്ചു.
ഹിമായത്തുൽ ഇസ്ലാം എൽ.പി സ്കൂൾ, മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞ് വ്യാപാര മേഖലയിലേക്ക് കടന്നു. കോഴിക്കോട് മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്സ് ഉടമയായിരുന്നു. കണ്ണൂർ റോഡിലെ വസതിയിലായിരുന്നു താമസം. 1980ൽ മലബാർ ചേംബർ ഓഫ് കോമേഴ്സ് ജനറൽ സെക്രട്ടറിയായാണ് സംഘടന പ്രവർത്തനത്തിന് തുടക്കം. 1984ൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റായി. 1985ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി.
ഭാര്യ: ജുബൈരിയ. മക്കൾ: മൻസൂർ, എൻമോസ്, അഷ്റ, അയ്ന. മരുമക്കൾ: പുനത്തിൽ ആസിഫ്, നിസാമുദ്ദീൻ, ലവ്സീന, റോഷ്ന. സഹോദരങ്ങൾ: ഡോ. ഖാലിദ്, ഡോ. മുസ്തഫ, ഹാഷിം, അൻവർ, മുംതാസ്, പരതേരായ അസീസ്, സുബൈദ, മജീദ്. ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.