തിരുവനന്തപുരം: വാണിജ്യാവശ്യം മുൻനിർത്തിയുള്ള എസ്.എം.എസുകൾക്ക് ട്രായ് നിയന്ത്രണമേർപ്പെടുത്തിയതോടെ സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ. ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിൻ പ്ലാറ്റ്ഫോമിൽ ഐഡിയും കണ്ടൻറും രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളുടെ എസ്.എം.എസുകളെല്ലാം ട്രായ് തടഞ്ഞതോടെ കാർഡുടമകൾക്ക് ഒ.ടി.പി വഴിയുള്ള റേഷൻ വിതരണം മുടങ്ങി.
ഉപഭോക്താക്കളുടെ വിവര സുരക്ഷ മുൻനിർത്തി 2018ലാണ് വാണിജ്യാവശ്യങ്ങൾക്കുള്ള എസ്.എം.എസുകൾക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള ചട്ടക്കൂട് ട്രായ് അവതരിപ്പിച്ചത്. എസ്.എം.എസുകളുടെ ഉള്ളടക്കവും ഐഡിയും ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിൻ രജിസ്ട്രിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നതാണ് ഇതിലെ പ്രധാന നിർദേശം.
രജിസ്ട്രേഷൻ ഒത്തുനോക്കി കൃത്യമാണെങ്കിൽ മാത്രമേ സന്ദേശം ഉപഭോക്താക്കൾക്ക് അയക്കൂ. അല്ലെങ്കിൽ ഇവ ഡിലീറ്റ് ചെയ്യപ്പെടും. ഇതുസംബന്ധിച്ച് തുടർച്ചയായ അറിയിപ്പുകൾ ട്രായ് നൽകിയിരുന്നെങ്കിലും ഇവ മുഖവിലക്കെടുക്കാൻ ബി.എസ്.എൻ.എൽ, ഐഡിയ അടക്കം മൊബൈൽ കമ്പനികളും ഭക്ഷ്യപൊതുവിതരണവകുപ്പും തയാറായില്ല. തുടർന്നാണ് ഒരാഴ്ച മുമ്പ് റേഷൻ വിതരണത്തിനുള്ള മൊബൈൽ ഒ.ടി.പി സന്ദേശങ്ങൾ ട്രായ് തടഞ്ഞത്.
ഇലക്ട്രോണിക് പോയൻറ് ഓഫ് സെയിൽ (ഇ-പോസ്) യന്ത്രത്തിൽ ബയോമെട്രിക് സംവിധാനം പരാജയപ്പെടുന്നവർക്ക് റേഷൻ വാങ്ങാനുള്ള സംവിധാനമാണ് ഒ.ടി.പി. കൈവിരൽ പതിയാത്ത ഘട്ടത്തിൽ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള കാർഡുടമയുടെ മൊബൈല്‍ ഫോണിലേക്ക് ഒ.ടി.പി സന്ദേശമെത്തും. ഈ നാലക്ക നമ്പർ മെഷീനിൽ രേഖപ്പെടുത്തുന്ന മുറക്ക് ഉപഭോക്താവിന് സാധനങ്ങൾ ലഭിക്കും.
ഒ.ടി.പി ലഭിക്കാത്ത സാഹചര്യത്തിൽ മാന്വൽ ഇടപാടിലൂടെ റേഷൻ വിതരണം നടത്താൻ വ്യാപാരികൾക്ക് സൗകര്യമുണ്ടെങ്കിലും സിവിൽ സപ്ലൈസ് ഡയറക്ടറിൽനിന്ന് നിർദേശം ലഭിക്കാത്തതിനാൽ ഭൂരിഭാഗം കച്ചവടക്കാരും മാന്വൽ വിതരണത്തിന് തയാറല്ല. ഇത് പലയിടങ്ങളിലും കാർഡുടമകളും വ്യാപാരികളും തമ്മിലുള്ള തർക്കത്തിനിടയാക്കുന്നുണ്ട്.
നിശ്ചലമായ ഒ.ടി.പി സംവിധാനം ഉടനെ പുനരാരംഭിക്കണമെന്ന് ഓൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജോണി നെല്ലൂരും ജനറൽ സെക്രട്ടറി ടി. മുഹമ്മദാലിയും സർക്കാറിനോട് ആവശ്യപ്പെട്ടു.
എസ്.എം.എസുകളുടെ ഉള്ളടക്കവും മറ്റ് വിവരങ്ങളും ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിൻ പ്ലാറ്റ്ഫോമിലേക്ക് നൽകിയിട്ടുണ്ട്. ട്രായിയുടെ അനുമതി ലഭിച്ചാലുടൻ ഒ.ടി.പി സംവിധാനം പുനഃസ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.