കൊച്ചി: കോഴിക്കോട് എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. മേയ് രണ്ടുമുതൽ എട്ടുവരെയാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി കസ്റ്റഡി അനുവദിച്ചത്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി.
സംസ്ഥാന പൊലീസിൽനിന്ന് കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചതിന് പിന്നാലെയാണ് എൻ.ഐ.എയുടെ ചോദ്യം ചെയ്യൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശത്തെ തുടർന്ന് ദിവസങ്ങൾക്കുമുമ്പാണ് കേസ് രജിസ്റ്റർ ചെയ്ത് എൻ.ഐ.എ അന്വേഷണം തുടങ്ങിയത്.
കുറ്റകൃത്യത്തിന് പിന്നിലെ തീവ്രവാദബന്ധം പുറത്തുകൊണ്ടുവരാൻ കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന എൻ.ഐ.എയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതിന് ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് എലത്തൂർ സ്റ്റേഷൻ വിട്ട ഉടനെയാണ് പ്രതി, D1 കമ്പാർട്ട്മെൻറിലെത്തി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.
സംഭവത്തിൽ ഒമ്പത് പേർക്ക് പൊള്ളലേറ്റിരുന്നു. മൂന്നുപേരെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിലും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.