നിലമ്പൂർ: നിലമ്പൂർ-ഷൊർണൂർ പാതയിൽ ട്രെയിനുകളുടെ എൻജിൻ തകരാർ മൂലം സമയം പാലിക്കാനാവാതെ സർവിസുകൾ. ചൊവ്വാഴ്ച 2.05ന് ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്ക് പുറപ്പെട്ട വണ്ടി പട്ടിക്കാടിൽ എൻജിൻ തകരാർ മൂലം രണ്ട് മണിക്കൂറോളം നിർത്തിയിട്ടു. നിലമ്പൂരിൽനിന്ന് കോട്ടയത്തേക്കുള്ള എക്സ്പ്രസിന്റെ എൻജിൻ ഉപയോഗിച്ച് 4.40നാണ് ട്രെയിൻ നിലമ്പൂരിലെത്തിച്ചത്.
കോട്ടയം വണ്ടി എൻജിൻ ഇല്ലാതെ വാണിയമ്പലത്ത് നിർത്തിയിട്ടതിനാൽ ഇതിലെ യാത്രക്കാരും മണിക്കൂറുകൾ വഴിയിൽ കാത്തിരിക്കേണ്ടിവന്നു. ഷൊർണൂരിൽനിന്ന് എൻജിൻ എത്തിച്ചാണ് വൈകുന്നേരം 5.45ന് വാണിയമ്പലത്തുനിന്നു കോട്ടയം ട്രെയിൻ സർവിസ് പുനരാരംഭിച്ചത്. പാതയിലെ മറ്റു നാലു വണ്ടികളും മണിക്കൂറുകൾ വൈകി.
പാലക്കാട് ട്രെയിൻ നിലമ്പൂരിൽനിന്ന് രണ്ട് മണിക്കൂറോളം വൈകി പുറപ്പെട്ടുവെങ്കിലും ക്രോസിങ് സ്റ്റേഷൻ ഇല്ലാത്തതിനാൽ വാണിയമ്പലം സ്റ്റേഷനിൽ പിന്നെയും ഏറെ സമയം നിർത്തിയിടേണ്ടിവന്നു. പാതയിൽ കൂടുതൽ ക്രോസിങ് സ്റ്റേഷനുകൾ സ്ഥാപിച്ചില്ലെങ്കിൽ എൻജിൻ തകരാർമൂലമുള്ള യാത്രക്കാരുടെ ദുരിതയാത്ര തുടരും. 67 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണ് ക്രോസിങ് സ്റ്റേഷനുകൾ ഉള്ളത്.
ഷൊർണൂരിനും അങ്ങാടിപ്പുറത്തിനുമിടയിൽ വല്ലപ്പുഴയിലോ കുലുക്കല്ലൂരിലോ ക്രോസിങ് സ്റ്റേഷൻ സ്ഥാപിക്കണം. കൂടാതെ നിലമ്പൂരിനും അങ്ങാടിപ്പുറത്തിനും ഇടയിൽ തുവ്വൂരോ മേലാറ്റൂരോ ക്രോസിങ് സ്റ്റേഷൻ വേണം. ഈ ആവശ്യം നേരത്തെയുണ്ട്.
നിലമ്പൂർ: നിലമ്പൂർ-ഷൊർണൂർ പാതയിൽ കൂടുതൽ ക്രോസിങ് സ്റ്റേഷനുകൾ അനുവദിക്കണമെന്ന് സതേൺ റെയിൽവേയിലെ ഏറ്റവും വലിയ സേവന കൂട്ടായ്മയായ ട്രെയിൻ ടൈം ആവശ്യപ്പെട്ടു. പാതയിൽ എൻജിൻ തകരാർ മൂലം ട്രെയിനുകൾ നിർത്തിയിടേണ്ടി വരുന്നത് പതിവായിരിക്കുകയാണ്. ഇതുമൂലം മണിക്കൂറുകളാണ് യാത്രക്കാർ വഴിയിൽ കുടുങ്ങുന്നത്. ഉടൻ ഇതിന് പരിഹാരം കാണണമെന്ന് യാത്രക്കാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. സലീം ചുങ്കത്ത് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.