കൊച്ചി: ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കേസിൽ സർക്കാറിനെതിരെ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ (കെ.എ.ടി) നിലവിലുള്ള കോടതിയലക്ഷ്യ നടപടികൾ താൽക്കാലികമായി മാറ്റിവെക്കണമെന്ന് ഹൈകോടതി.
കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ സെക്രട്ടറിയും പ്രിൻസിപ്പൽ സെക്രട്ടറിയും മേയ് 24ന് നേരിട്ട് ഹാജരാകണമെന്ന് കെ.എ.ടി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജിയിലാണ് ജസ്‌റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്‌റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. എതിർകക്ഷികൾക്ക് നോട്ടീസ് നൽകാനും നിർദേശിച്ചു.
അധ്യാപകരുടെ സ്ഥലംമാറ്റ പട്ടിക തയാറാക്കുമ്പോൾ സ്വന്തം ജില്ലക്ക് വെളിയിൽ ജോലിചെയ്യുന്നവർക്ക് ചട്ടപ്രകാരമുള്ള പരിഗണന നൽകണമെന്നായിരുന്നു കെ.എ.ടിയുടെ ആദ്യ ഉത്തരവ്. എന്നാൽ, കെ.എ.ടി നിർദേശം പരിഗണിക്കാതെയാണ് പട്ടിക തയാറാക്കിയതെന്ന് വിലയിരുത്തി ട്രൈബ്യൂണൽ പട്ടിക റദ്ദാക്കുകയും ഒരുമാസത്തിനകം ചട്ടപ്രകാരമുള്ള പട്ടിക തയാറാക്കാൻ നിർദേശിക്കുകയും ചെയ്തു. തുടർന്നാണ് സർക്കാറിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.
ട്രൈബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഹരജികളും ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് 27വരെ തൽസ്ഥിതി തുടരാൻ ഈ ഹരജികളിൽ കോടതി നിർദേശിച്ചിരുന്നു. സർക്കാറിന്റെ ഹരജി ഈ ഹരജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.