കൊച്ചി: ട്രാൻസ്ജെൻഡർ വിഭാഗക്കാരിലെ ലിംഗമാറ്റ തെറപ്പി ചികിത്സയുമായി ബന്ധപ്പെട്ട് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ഹൈകോടതി. ലൈംഗികാഭിമുഖ്യം മാറ്റുന്നതിെൻറ പേരിൽ ഇത്തരത്തിൽ നിർബന്ധിത തെറപ്പി ചികിത്സക്ക് വിധേയമാക്കുന്നതിനെതിരെ കർശന നടപടി വേണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.
ലൈംഗിക ന്യൂനപക്ഷ കൂട്ടായ്മ സംഘടനയായ 'ക്വീറല'യും മറ്റൊരു വ്യക്തിയും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വിഷയം വീണ്ടും പരിഗണിക്കുന്ന 2022 മേയ് 18 നുമുമ്പ് മാർഗനിർദേശങ്ങൾ കോടതിയിൽ സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.
നിർബന്ധിത ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ ട്രാൻസ്ജെൻഡറുകൾ ഗുരുതര ശാരീരിക -മാനസിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ലിംഗമാറ്റ ശസ്ത്രക്രിയക്ക് നിലവിൽ മാനദണ്ഡങ്ങളില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. അതേസമയം, ഇതുസംബന്ധിച്ച് മാർഗനിർദേശങ്ങളൊന്നും നിലവിലില്ലെന്നും നിർബന്ധിത ലിംഗമാറ്റ ശസ്ത്രക്രിയ നടക്കുന്നതായി പരാതികൾ ലഭിച്ചിട്ടില്ലെന്നുമായിരുന്നു സർക്കാറിെൻറ വിശദീകരണം.
ഇത്തരം നടപടികളുണ്ടാകുന്നുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും വ്യക്തമാക്കി. തുടർന്നാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് മാർഗനിർദേശങ്ങൾ അനിവാര്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.