തിരുവിതാംകൂർ രാജ കുടുംബാംഗങ്ങളുടെ പെൻഷൻ വർധന: മുൻകാല പ്രാബല്യത്തോടെ ഉത്തരവിടണമെന്ന് ഹൈകോടതി

കൊച്ചി: തിരുവിതാംകൂർ രാജ കുടുംബാംഗങ്ങളുടെ 2017ലെ പെൻഷൻ വർധനക്ക്​ മുൻകാല പ്രാബല്യം നൽകി മൂന്ന്​ മാസത്തിനകം ഉത്തരവിടണമെന്ന്​ ഹൈകോടതി. പെൻഷൻ 2017 ഒക്ടോബർ 29ന് 3000 രൂപയായി സർക്കാർ വർധിപ്പിച്ചപ്പോൾ മുൻകാല പ്രാബല്യം നൽകിയിരുന്നില്ല. ഉത്തരവിലെ ഈ ഭാഗം റദ്ദാക്കിയാണ്​ ജസ്റ്റിസ്​ പി. ഗോപിനാഥിന്‍റെ നിർദേശം.

കോട്ടയം മീനച്ചിലിലെ ഞാവക്കാട്ട് കുടുംബാംഗങ്ങൾക്ക്​ 2011 ജനുവരി ഒന്നുമുതൽ വർധന ബാധകമാക്കിയിരുന്നു. എന്നാൽ, തിരുവിതാംകൂർ രാജകുടുംബാംഗങ്ങളുടെ കാര്യത്തിൽ ഇതില്ലാതിരുന്നത്​ വിവേചനമാണെന്ന്​ വിലയിരുത്തിയാണ്​ ഉത്തരവ്​. വർധന നടപ്പാക്കേണ്ടത്​ എന്നുമുതലാണെന്ന്​ തീരുമാനിച്ച്​ ഉത്തരവിടാനാണ്​ പൊതുഭരണ സെക്രട്ടറിക്ക്​ നിർദേശം നൽകിയിരിക്കുന്നത്​. ക്ഷത്രിയ ക്ഷേമസഭയും രാജകുടുംബാംഗങ്ങളായ ബി.എൽ. കേരള വർമ തമ്പാനടക്കം 38 പേരും നൽകിയ ഹരജികളാണ്​ കോടതി പരിഗണിച്ചത്​.

600 രൂപയായിരുന്ന പെൻഷനാണ്​ 3000 ആക്കിയത്​. ഞാവക്കാട്ട് കുടുംബാംഗങ്ങളുടെ പെൻഷനും മുൻകാല പ്രാബല്യത്തോടെ 3000 രൂപയാക്കി​. രാഷ്ട്രീയ പരിഗണന പുലർത്തിയാണ്​ ഈ വിവേചനമെന്നായിരുന്നു ഹരജിക്കാരുടെ ആരോപണം. മാത്രമല്ല, 1949നുമുമ്പ്​ ജനിച്ചവർക്കുമാത്രമാണ്​ കുടുംബാംഗങ്ങളിൽ പെൻഷൻ ലഭിക്കുന്നത്​. ഞാവക്കാട്ട് കുടുംബാംഗങ്ങൾക്ക്​ ഇതും ബാധകമല്ല.

അതേസമയം, പെൻഷൻ എത്ര നൽകണമെന്നത്​ നയതീരുമാനമാണെന്നും സാമ്പത്തികബാധ്യത കൂടി ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ടെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ, വിവേചനം പാടില്ലെന്ന മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടിയ കോടതി എല്ലാ കുടുംബാംഗങ്ങൾക്കും പെൻഷന്​ അർഹതയുണ്ടാവേണ്ടതുണ്ടെന്ന്​ വ്യക്തമാക്കുകയായിരുന്നു.

Tags:    
News Summary - Travancore royal family members' pension hike: High Court Order to be made within three months with retrospective effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.