തിരുവിതാംകൂർ രാജ കുടുംബാംഗങ്ങളുടെ പെൻഷൻ വർധന: മുൻകാല പ്രാബല്യത്തോടെ ഉത്തരവിടണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: തിരുവിതാംകൂർ രാജ കുടുംബാംഗങ്ങളുടെ 2017ലെ പെൻഷൻ വർധനക്ക് മുൻകാല പ്രാബല്യം നൽകി മൂന്ന് മാസത്തിനകം ഉത്തരവിടണമെന്ന് ഹൈകോടതി. പെൻഷൻ 2017 ഒക്ടോബർ 29ന് 3000 രൂപയായി സർക്കാർ വർധിപ്പിച്ചപ്പോൾ മുൻകാല പ്രാബല്യം നൽകിയിരുന്നില്ല. ഉത്തരവിലെ ഈ ഭാഗം റദ്ദാക്കിയാണ് ജസ്റ്റിസ് പി. ഗോപിനാഥിന്‍റെ നിർദേശം.
കോട്ടയം മീനച്ചിലിലെ ഞാവക്കാട്ട് കുടുംബാംഗങ്ങൾക്ക് 2011 ജനുവരി ഒന്നുമുതൽ വർധന ബാധകമാക്കിയിരുന്നു. എന്നാൽ, തിരുവിതാംകൂർ രാജകുടുംബാംഗങ്ങളുടെ കാര്യത്തിൽ ഇതില്ലാതിരുന്നത് വിവേചനമാണെന്ന് വിലയിരുത്തിയാണ് ഉത്തരവ്. വർധന നടപ്പാക്കേണ്ടത് എന്നുമുതലാണെന്ന് തീരുമാനിച്ച് ഉത്തരവിടാനാണ് പൊതുഭരണ സെക്രട്ടറിക്ക് നിർദേശം നൽകിയിരിക്കുന്നത്. ക്ഷത്രിയ ക്ഷേമസഭയും രാജകുടുംബാംഗങ്ങളായ ബി.എൽ. കേരള വർമ തമ്പാനടക്കം 38 പേരും നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
600 രൂപയായിരുന്ന പെൻഷനാണ് 3000 ആക്കിയത്. ഞാവക്കാട്ട് കുടുംബാംഗങ്ങളുടെ പെൻഷനും മുൻകാല പ്രാബല്യത്തോടെ 3000 രൂപയാക്കി. രാഷ്ട്രീയ പരിഗണന പുലർത്തിയാണ് ഈ വിവേചനമെന്നായിരുന്നു ഹരജിക്കാരുടെ ആരോപണം. മാത്രമല്ല, 1949നുമുമ്പ് ജനിച്ചവർക്കുമാത്രമാണ് കുടുംബാംഗങ്ങളിൽ പെൻഷൻ ലഭിക്കുന്നത്. ഞാവക്കാട്ട് കുടുംബാംഗങ്ങൾക്ക് ഇതും ബാധകമല്ല.
അതേസമയം, പെൻഷൻ എത്ര നൽകണമെന്നത് നയതീരുമാനമാണെന്നും സാമ്പത്തികബാധ്യത കൂടി ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ടെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ, വിവേചനം പാടില്ലെന്ന മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടിയ കോടതി എല്ലാ കുടുംബാംഗങ്ങൾക്കും പെൻഷന് അർഹതയുണ്ടാവേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.