വയോദമ്പതികൾക്ക് യാത്രാക്ലേശം: വിമാനക്കമ്പനി രണ്ടു ലക്ഷം നൽകണം

തിരുവനന്തപുരം: വയോദമ്പതികൾക്കുണ്ടായ യാത്രാക്ലേശത്തിന് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ നൽകാൻ ഇത്തിഹാദ് എയർലൈൻസിന് സംസ്ഥാന ഉപഭോക്തൃ പരാതി പരിഹാര കമീഷൻ ഉത്തരവ്. 2015ൽ നടന്ന സംഭവത്തിലാണ് നടപടി.

കാർത്തികപ്പള്ളി സ്വദേശികളായ കെ. കുമാരൻ കുശഭദ്രൻ-രാധാമണി ദമ്പതികളാണ് പരാതിക്കാർ. 2015 ഫെബ്രുവരി മൂന്നിന് തിരുവനന്തപുരത്തുനിന്ന് അബൂദബിയിലേക്കും അവിടെനിന്ന് കണക്ടിങ് വിമാനത്തിൽ ലോസ് ആഞ്ജലസിലേക്കും പോകാനാണ് ദമ്പതികൾ എത്തിയത്. വിമാനം വൈകിയതുമൂലം ലോസ് ആഞ്ജലസിലേക്കുള്ള കണക്ടിങ് വിമാനം നഷ്ടപ്പെട്ടു.

പകരം വിമാനം ലഭ്യമാക്കിയത് ന്യൂയോർക്കിലേക്കായിരുന്നു. അവിടെയും വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. ഒടുവിൽ നിശ്ചയിച്ചതിനും 13 മണിക്കൂർ വൈകിയാണ് ദമ്പതികൾ ലക്ഷ്യസ്ഥലത്തെത്തിയത്. ഇതിൽ വിമാനക്കമ്പനിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു പരാതി.

കാലാവസ്ഥ പ്രശ്നംമൂലം വിമാനം വൈകിയെന്നായിരുന്നു വിമാനക്കമ്പനിയുടെ വിശദീകരണം. എന്നാൽ, അത് തെളിയിക്കുന്ന രേഖകളൊന്നും കമ്പനി ഹാജരാക്കിയില്ലെന്ന് കമീഷൻ കണ്ടെത്തി. അതിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവർക്കും ലക്ഷം രൂപ വീതവും പലിശയും നൽകണമെന്ന് നിർദേശിച്ച് കമീഷൻ ഉത്തരവിട്ടത്. കോടതി വ്യവഹാരങ്ങൾക്കായി പതിനായിരം രൂപയും നൽകണമെന്ന് വിധിയിലുണ്ട്. 

Tags:    
News Summary - Travel trouble for elderly couple: Airline should pay 2 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.