തിരുവനന്തപുരം: ഖജനാവിൽ പണമില്ലാതിരുന്നതിനാൽ കഴിഞ്ഞ സാമ്പത്തിക വർഷം ട്രഷറി ക്യൂവിലേക്ക് മാറ്റിയ ബില്ലുകൾ മാറി നൽകുന്നത് പുതിയ വർഷത്തെ ബജറ്റ് വിഹിതത്തിൽനിന്ന്. ഇതോടെ ഇക്കൊല്ലം വകുപ്പുകൾക്ക് നീക്കി വെച്ച പണം കുറയും. ക്യൂവിലുള്ള ബില്ലുകൾ നൽകിയ ശേഷമുള്ള തുകയുടെ പദ്ധതിക്ക് മാത്രമേ ഇക്കൊല്ലം ഭരണാനുമതി നൽകൂ.
ഏകദേശം 1000 കോടിയോളം രൂപയുടെ ബില്ലുകൾ ഇങ്ങനെ ക്യൂവിലുണ്ടെന്നാണ് സൂചന. ട്രഷറി ക്യൂവിലുള്ള ബില്ലുകൾക്ക് പണം നൽകുമ്പോൾ അത് ഇക്കൊല്ലത്തെ പദ്ധതി പ്രവർത്തനമായി കണക്കാക്കുകയും ചെയ്യും. പുതിയ സാമ്പത്തിക വർഷത്തിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.
22-23ലെ ബില്ലുകൾ ക്യൂവിലേക്ക് മാറ്റാൻ നിർദേശിച്ച് മാർച്ച് 14നാണ് ധനവകുപ്പ് സർക്കുലർ പുറപ്പെടുച്ചത്. നിശ്ചിത സമയ പരിധിക്കുള്ളിൽ ട്രഷറികളിൽ സമർപ്പിക്കുകയും 22-23ൽ പാസാക്കാൻ കഴിയാതിരിക്കുകയും ചെയ്ത തദ്ദേശ സ്ഥാപനങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും ബില്ലുകളും ചെക്കുകളും പുതിയ സാമ്പത്തിക വർഷം മാറി നൽകാമെന്ന വ്യവസ്ഥയിലാണ് ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയത്. ഇ-സബ്മിറ്റ് ചെയ്ത ശേഷം നേരിട്ട് ട്രഷറികളിൽ സമർപ്പിച്ച ബില്ലുകളിൽ പുതിയ ഭരണാനുമതിയില്ലാതെതന്നെ 23-24ലെ ബജറ്റ് വിഹിതത്തിൽനിന്നും തുക നൽകാൻ ധനവകുപ്പ് അനുമതി നൽകി. ഈ ബില്ലുകൾക്ക് പുതിയ വർഷത്തെ ബജറ്റ് വിഹിതം വിനിയോഗിക്കുന്നതിനാൽ ഏതൊക്കെ ബില്ലുകൾ വീണ്ടും സമർപ്പിക്കണമെന്ന തീരുമാനം വകുപ്പുകൾക്ക് വിട്ടു.
ക്യൂവിൽനിന്നും പുനർസമർപ്പിക്കുന്ന ബില്ലുകളുടെ തുകക്കു ശേഷം ബാക്കിയുള്ള തുകക്ക് മാത്രമേ ഇക്കൊല്ലം ഭരണാനുമതി നൽകാൻ പാടുള്ളൂവെന്നും നിർദേശിച്ചിട്ടുണ്ട്.
നിശ്ചിത സമയത്തിൽ നേരിട്ട് ബില്ലുകൾ നൽകുകയും 22-23ൽ പാസാക്കാൻ കഴിയാത്തതുമായ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയ ബില്ലുകൾ 23-24ലെ അലോട്ട്മെന്റിൽ ഔട്ടർ ബിൽ ആയി പ്രിന്റ് എടുത്ത് ട്രഷറിയിൽ നൽകണം. അത്തരം ബില്ലുകൾ ട്രഷറി ഉദ്യോഗസ്ഥർ നേരത്തേ ക്യൂവിൽ ഉള്ള ബില്ലുമായി ചേർത്ത് പാസാക്കി നൽകണം. ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയ ചെക്കുകൾ അക്കൗണ്ടിൽ പണമുണ്ടെങ്കിൽ ട്രഷറി നിയന്ത്രണ പരിധിയിൽനിന്ന് ക്യൂവിലെ സീനിയോറിറ്റി പാലിച്ചാണ് മാറേണ്ടത്.
ട്രഷറി നിയന്ത്രണ പരിധിക്ക് മുകളിലെ ബില്ലുകൾ വെയ്സ് ആൻഡ് മീൻസ് ക്ലിയറൻസ് സഹിതം സമർപ്പിക്കാൻ നിർദേശിച്ച് മടക്കും.
കാലാവധി കഴിഞ്ഞ ചെക്കുകൾ വീണ്ടും സമർപ്പിക്കണം. കഴിഞ്ഞ സാമ്പത്തിക വർഷം ക്ലിയറൻസിനായി വേയ്സ് ആന്റ് മീൻസ് ക്യൂവിൽ ശേഷിച്ച ബില്ലുകൾ ബന്ധപ്പെട്ട ഡി.ഡി.ഒമാർക്ക് തിരികെ നൽകും. ട്രഷറി ക്യൂവിൽ ഉൾപ്പെട്ട 22-23 ലെ ബജറ്റ് വിഹിതത്തിൽനിന്നുള്ള ബില്ലുകളുടെ തുക ബന്ധപ്പെട്ട വകുപ്പു തലവന്മാർ അടിയന്തരമായി സറണ്ടർ ചെയ്യാനും ക്യൂവിലെ ബില്ലുകൾ മാറുമ്പോൾ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.