പട്ടയ ഭൂമിയിലെ മരംമുറിക്ക് പൂട്ട്; അനുമതി നൽകിയ ഉത്തരവ് റദ്ദ്ചെയ്തു

തിരുവനന്തപുരം: പട്ടയ ഭൂമിയിലെ മരംമുറിക്ക് പൂട്ട് വീണു. മരംമുറിക്ക് അനുമതി നൽകിയ 2020 ഒക്ടോബർ 10ലെ ഉത്തരവ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജിയതിലക് റദ്ദ്ചെയ്തു.

ഇടുക്കി, വയനാട് ജില്ലകളിൽ നേരത്തെ നൽകിയ ഉത്തരവിന്‍റെ പിൻബലത്തിൽ വ്യപകമായി മരംമുറി തുടങ്ങിയതിന്‍റെ പശ്ചാത്തലത്തിലാണ് ഉത്തരവ് റദ്ദ് ചെയ്തത്. പട്ടയ വ്യവസ്ഥകളിൽ ഭേദഗതി വരുത്തി കർഷകൻ നട്ടുവളർത്തിയതും സ്വമേധയാ കിളിർത്തു വന്നതമായി പതിച്ചു നൽകുന്ന സമയത്ത് വൃക്ഷവില അടച്ചു റിസർവ് ചെയ്തതുമായി ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും അവർക്ക് മുറിക്കാമെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്.

വയനാട്, ഇടുക്കി അടക്കമുള്ള ജില്ലകളിൽ ഈ ഉത്തരവിൻെറ പിൻബലത്തിൽ 300^400 വർഷം പഴക്കമുള്ള ഈട്ടി മരങ്ങൾ വരെ വ്യാപകമായി മുറിച്ച് നീക്കിയതോടെയാണ് ഉത്തരവ് റദ്ദ് ചെയ്യാൻ റവന്യൂ വകുപ്പ് തീരുമാനിച്ചത്.

മുട്ടിൽ സൗത്ത്​ വില്ലേജിലെ വാഴവറ്റ, ആവലാട്ടു കുന്ന്, കരിങ്കണ്ണിക്കുന്ന് തുടങ്ങിയ പ്രദേശത്തുള്ള 25ൽ പരം ആളുകളുടെ ഭൂമിയിൽ നിന്നും ഈട്ടിയക്കമുള്ള നൂറുകണക്കിന് വൻമരങ്ങളും വനം വകുപ്പിന്‍റെയോ റവന്യൂ വകുപ്പിന്‍റെയോ അനുമതിയില്ലാതെ നിയമവിരുദ്ധമായി മുറിച്ചതായി വയനാട് പ്രകൃതിസംരക്ഷസമിതി പരാതി നൽകിയിരുന്നു.

500ലധികം വർഷം പഴക്കമുള്ള 200ലധികം കൂറ്റൻ ഈട്ടിമരങ്ങൾ മുറിച്ചുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. മരം കടത്തിക്കൊണ്ടുപോകാനുള്ള പാസ് മേപ്പാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ നിഷേധിച്ചിട്ടും മരംമുറി വിവാദമായി. മരം കടത്താൻ അനുവദിക്കണമെന്ന് വനം വകുപ്പിന് മേലും സമ്മർദമുണ്ടായി.

പരാതി ലഭിച്ചിട്ടും മരംമുറി തടയാനോ കേസ്​ എടുക്കാനോ മരത്തിന്‍റെ കസ്റ്റോഡിയനായ വയനാട് കലക്ടറോ റവന്യൂ ഉദ്യേഗസ്ഥരോ തയാറായില്ലെന്നും ആരോപണമുയർന്നു.

കാർബൺ ന്യൂട്രൽ ജില്ലാ പ്രഖ്യാപനത്തിനായി കാത്ത് നിൽക്കുന്ന വയനാട്ടിൽ വൻ പരിസ്തിഥി പ്രത്യാഘാതങ്ങൾക്ക് ഈ മരംമുറി ഇടയാക്കും. വയനാട്ടിൽ ശേഷിക്കുന്ന ഈട്ടി മരങ്ങളുടെ അപൂർവ്വ ശേഖരത്തിലാണ് കോടാലി വീഴുന്നത്. അന്താരാഷ്ട്ര തലത്തിൽ വൻ ഡിമാന്‍റുള്ളതും പശ്ചിമഘട്ടത്തിൽ മാത്രം വളരുന്നതും ഐ.യു.സി.എൻ റെഡ്ഡ് ഡാറ്റാ ബുക്കിൽ വംശനാശ ഭീഷണിയുള്ള വൃക്ഷമായി രേഖപ്പെടുത്തിയതുമാണ് വയനാടൻ ഈട്ടി മരങ്ങൾ. പാസ് നിഷേധിച്ച ​െറയിഞ്ച് ഓഫിസറെയും ഡി.എഫ്.ഒയെയും പാഠം പഠിപ്പിക്കുമെന്ന ഭീഷണിയു ഉയർത്തി.

മരങ്ങൾ നീക്കം ചെയ്യാൻ പാസ്​ ആവശ്യപ്പെട്ടുകൊണ്ട് 14 വ്യക്തികൾ മേപ്പാടി റെയിഞ്ച് ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചതോടെയാണ് മരംകൊള്ളയുടെ വിവരം പുറംലോകം അറിയുന്നതു്. മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറുടെ എൻ.ഒ.സിയും ആധാരങ്ങളുടെ പകർപ്പും ലൊക്കേഷൻ സ്​കെച്ചും കൂടാതെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജുവിന്‍റെ റിപ്പോർട്ടും അപേക്ഷക്കൊപ്പം സമർപ്പിച്ചിരുന്നു.

1964ലെ ഭൂപതിവു ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പ് 2020 ഒക്ടോബർ മാസം 24 ന് ഇറക്കിയ ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്താണ് വില്ലേജ് ഓഫീസർ മുതൽ മേൽപ്പോട്ടുള്ള റവന്യൂ ഉദ്യോഗസ്ഥർ വൻമരം കൊള്ളക്ക് അരുനിൽക്കുന്നത്.

ഈ ഉത്തരവിന്‍റെ അവസാനത്തെ ആറാമത് പാരഗ്രാഫിൽ പട്ടയം ലഭിച്ച ശേഷം തനിയെ കിളിർത്തു വന്നതും നട്ടുപിടിപ്പിച്ചതുമായ ചന്ദനം ഒഴികെയുള്ള മരങ്ങൾ മാത്രമെ മുറിക്കാവൂ എന്ന് വ്യക്തമായി നിഷ്കർഷിച്ചിട്ടുണ്ട്. ഈ ഉത്തരവിനെ മറയാക്കിക്കൊണ്ടാണ് ആദിവാസികൾ അടക്കമുള്ളവരിൽ നിന്നും ചുരുങ്ങിയ വിലക്ക് മരം തട്ടിയെടുത്ത് വൻ സ്വാധീനമുള്ള സംഘമാണ് വയനാട്ടിൽ മരം മുറിച്ചത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പുതിയ ഉത്തരവോടെ മരംപുറിക്ക് പൂട്ട് വീണു.

Tags:    
News Summary - tree cutting in pattayam land prohibhited permitting order was revoked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.