തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും ആദ്യമായെത്തിയ കൂറ്റൻ കണ്ടെയ്നർ കപ്പൽ ‘സാൻ ഫെർണാൺഡോ’ക്കുള്ള ഔദ്യോഗിക സ്വീകരണവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ നിലവിളക്ക് കൊളുത്തിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
മന്ത്രി ജി.ആർ.അനിൽ, വി.ശിവൻകുട്ടി, മന്ത്രി കെ.രാജന്‍, കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ എന്നിവർ സംബന്ധിച്ചു. ‘കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്ന് അന്യമാം ദേശങ്ങളില്‍’’ എന്ന മഹാകവി പാലാ നാരായണന്‍ നായരുടെ കവിതയിലെ വരികള്‍ ചൊല്ലിയാണ് തുറമുഖ മന്ത്രി വി.എന്‍.വാസവന്‍ പ്രസംഗം ആരംഭിച്ചത്. നാടിന്റെ വികസനചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികള്‍ അഭിമാനത്തോടെയാണ് ഈ നിമിഷത്തെ നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 22ന് ഹോങ്കോങ്ങിൽനിന്ന് പുറപ്പെട്ട് ചൈനയിലെ ഷാങ്‌ഹായി, സിയാമെൻ തുറമുഖങ്ങൾ വഴിയാണ് ‘സാൻ ഫെർണാൺഡോ വിഴിഞ്ഞത്തെത്തിയത്. നാല് ടാഗ്ഷിപ്പുകളുടെ നേതൃത്വത്തിൽ കപ്പലിനെ സുഗമമായി ബർത്തിലേക്ക് അടുപ്പിച്ചു. കപ്പൽ ബർത്തുമായി വലിയ വടം ഉപയോഗിച്ച് സുരക്ഷിതമായി ചേർത്തു നിർത്തുന്ന മൂറിങ് എന്ന പ്രവൃത്തിയും പൂർത്തിയാക്കി.
ഇന്നലെ തുറമുഖ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ മന്ത്രി ജി.ആർ. അനിൽ, എം. വിൻസെന്റ് എം.എൽ.എ, തുറമുഖ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, വിസിൽ എം.ഡി ദിവ്യ എസ്. അയ്യർ, അദാനി പോർട്‌സ് സ്‌പെഷൽ ഇക്കോണമിക് സോൺ സി.ഇ.ഒ അശ്വനി ഗുപ്ത, അദാനി പോർട്‌സ് സി.ഇ.ഒ പ്രണവ് ചൗധരി, വിഴിഞ്ഞം പോർട്ട് സി.ഇ.ഒ പ്രദീപ് ജയരാമൻ എന്നിവർ ചേർന്ന് കപ്പലിന് സ്വീകരണം ഒരുക്കിയിരുന്നു.
തുറമുഖം കമീഷൻ ചെയ്യുംമുമ്പ് ഓട്ടോമേറ്റഡ് ക്രെയിനുകളടക്കമുള്ള എല്ലാ സംവിധാനങ്ങളും പരിശോധിച്ച് ഉറപ്പിക്കാനാണ് കണ്ടെയ്നർ ഷിപ് എത്തിച്ചത്. മൂന്നുമാസത്തിനകം തുറമുഖം കമീഷൻ ചെയ്യാനാണ് സർക്കാർ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.