തിരുവനന്തപുരം: ഗോൾഫ് ക്ലബ് ഭൂമിക്ക് പിന്നാലെ തലസ്ഥാനത്തെ ട്രിവാൻഡ്രം ക്ലബ് ഭൂമിയും സർക്കാറിലേക്ക്. പ്രമുഖർ അംഗങ്ങളായ ട്രിവാൻഡ്രം ക്ലബ് സ്ഥിതിചെയ്യുന്ന വഴുതക്കാട്ടെ സ്ഥലം തിരിച്ചുപിടിക്കാൻ സർക്കാർ ഉത്തരവായി. ഇതിന്റെ ഭാഗമായി ഭൂമിയുടെ തണ്ടപ്പേർ റദ്ദാക്കി. ഈ ഭൂമിയുടെ അവകാശം സ്ഥാപിക്കാനുള്ള പ്രമാണം ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാൻ ക്ലബ് അധികൃതർക്ക് സാധിക്കാത്തതിനെത്തുടർന്നാണ് നടപടി. യൂറോപ്യൻ ക്ലബ് എന്ന പേരിൽ 1900ത്തിന്റെ തുടക്കത്തിൽ ആരംഭിച്ച ക്ലബിന് അന്നുമുതൽ ഭൂമിയിൽ അവകാശമുണ്ടെന്ന ക്ലബ് അധികൃതരുടെ വാദം തള്ളിയാണ് തണ്ടപ്പേർ റദ്ദാക്കാൻ സർക്കാർ നടപടി സ്വീകരിച്ചത്. നേരത്തേ ഗോൾഫ് ക്ലബിന്റെ ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു.
ശാസ്തമംഗലം വില്ലേജിലെ ബ്ലോക്ക് 65ൽ റീസർവേ നമ്പർ 14ലിലുള്ള 2.2560 ഹെക്ടർ ഭൂമിക്ക് ട്രിവാൻഡ്രം ക്ലബിന്റെ പേരിലുള്ള തണ്ടപ്പേർ റദ്ദാക്കാനാണ് സർക്കാർ ഉത്തരവ്. അടിയന്തരമായി ഉത്തരവ് നടപ്പാക്കി റിപ്പോർട്ട് നൽകാൻ ലാൻഡ് റവന്യൂ കമീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ലബിന്റെ ഭൂമിയിൽ നികുതിയൊടുക്കാനുള്ള (ബേസിക് ടാക്സ് രജിസ്റ്റർ-ബി.ടി.ആർ) അവകാശം മാത്രമാണ് ക്ലബിനുള്ളതെന്ന് സർക്കാർ പരിശോധനയിൽ കണ്ടെത്തി. ബി.ടി.ആറിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന കാരണത്താലോ കാലങ്ങളായി നികുതി അടയ്ക്കുന്നുവെന്ന കാരണത്താലോ ഭൂമിയുടെമേൽ അവകാശം സ്ഥാപിക്കാനാവില്ലെന്ന് മുൻ കോടതി ഉത്തരവുകൾ പരാമർശിച്ചുകൊണ്ട് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭൂമിയുടെ അവകാശം സ്ഥാപിക്കാനായി ക്ലബ് അധികൃതർ ഹാജരാക്കിയ 1902ലെ ഒരു കരാറിൽ ഈ ഭൂമി താൽക്കാലികമായി വാടകക്ക് സ്വന്തമാക്കിയതാണെന്ന് വ്യക്തമാക്കിയിട്ടുള്ളതായി സർക്കാർ കണ്ടെത്തി. കൂടാതെ 1940ൽ ചാല സബ് രജിസ്ട്രാർ ഓഫിസിൽ ഡിസ്റ്റി ചാൾസ് ഹെർബർട്ട് റാബിൻസൺ, റിച്ചാർഡ് ജോൺ ആർതർ മൂർ എന്നിവർ ചേർന്ന് രജിസ്റ്റർചെയ്ത കരാറിൽ ഈ ഭൂമി പണ്ടാരപ്പാട്ടം (സർക്കാർ ഭൂമി) എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമേ സ്വാതന്ത്ര്യത്തിനുമുമ്പ് പ്രവർത്തിച്ചിരുന്ന യൂറോപ്യൻ ക്ലബിന്റെ പിന്തുടർച്ചാവകാശം 1991ൽ രജിസ്റ്റർ ചെയ്ത ട്രിവാൻഡ്രം ക്ലബിന് ലഭിക്കില്ലെന്നും സർക്കാർ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.