തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ പരാതി നൽകിയ എയർ ഇന്ത്യ ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഉന്നത ഇടപെടലിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. എയർ ഇന്ത്യ തിരുവനന്തപുരം യൂനിറ്റിലെ ഗ്രൗണ്ട് ക്ലിയറൻസ് ഓഫിസർ എൽ.എസ്. സിബുവിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത് എയർ ഇന്ത്യ മാനേജ്മെൻറ് കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈദരാബാദിൽനിന്ന് ദിവസങ്ങൾക്ക് മുമ്പാണ് സിബു തിരുവനന്തപുരത്തെത്തിയത്. തുടർന്ന് അവധിയിൽ തുടരവെയാണ് നടപടി.
മാധ്യമങ്ങളോട് ഔദ്യോഗിക കാര്യങ്ങൾ സംസാരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ, സ്വപ്നയുമായുള്ള സ്വർണക്കടത്ത് വിവാദം ഉയർന്നപ്പോൾ ഹൈദരാബാദിലായിരുന്ന സിബു ഈ വിഷയത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യപ്രതികരണം നടത്തിയിരുന്നില്ല. സിബുവിെൻറ ഭാര്യയുടെ പ്രതികരണങ്ങൾ മാത്രമാണ് മാധ്യമങ്ങളിൽ വന്നത്. വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം, വിശ്വാസവഞ്ചന ഉൾപ്പെടെ സ്വപ്നയെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലെ പരാതിക്കാരൻ സിബുവാണ്. 2013 മുതൽ 16 വരെ എയർ ഇന്ത്യ സാറ്റ്സിൽ ജീവനക്കാരിയായിരുന്നു സ്വപ്ന സുരേഷ്.
അന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് ജോലി നിർവഹിച്ചിരുന്നത് എയർ ഇന്ത്യ സാറ്റ്സായിരുന്നു. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിങ്ങുമായി ബന്ധപ്പെട്ട് യൂനിയൻ നേതാവായിരുന്ന സിബു പരാതി നൽകിയിരുന്നു. അതിലെ വിരോധം തീർക്കാനായി സിബുവിനെതിരെ 17 വനിതാ ജീവനക്കാർ ഉൾപ്പെട്ട പരാതി എയർ ഇന്ത്യ മാനേജ്മെൻറിന് സമർപ്പിക്കപ്പെട്ടു. അതിെൻറ അടിസ്ഥാനത്തിൽ സിബുവിനെ സസ്പെൻഡ് ചെയ്തു. എയർ ഇന്ത്യ അന്വേഷണകമ്മിറ്റിയുടെ പരിശോധനയിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെതുടർന്ന് സസ്പെൻഷൻ പിൻവലിച്ചു.
വ്യാജപരാതി നൽകിയ എയർ ഇന്ത്യ സാറ്റ്സ് അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിബു പരാതി നൽകി. ക്രൈംബ്രാഞ്ച് സ്വപ്നക്കെതിരെ തെളിവില്ലെന്ന നിലപാട് ആവർത്തിച്ചെങ്കിലും സ്വപ്ന സ്വർണക്കടത്തിൽ പ്രതിയായതിനെതുടർന്ന് അവരെ രണ്ടാം പ്രതിയാക്കി കേസെടുത്ത് ദിവസങ്ങൾക്ക് മുമ്പ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. ആ സാഹചര്യം നിലനിൽക്കെയാണ് സ്വപ്നക്കെതിരായ പരാതി നൽകിയ ജീവനക്കാരനെതിരെ എയർ ഇന്ത്യ ശിക്ഷാ നടപടി സ്വീകരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.