കൊച്ചി: ജനത കർഫ്യൂ ദിനാചരണ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനിടെ, വസ്തുതാവിരുദ്ധ, അശാസ്ത്രീയ പ്രസ്താവന നടത്തിയ മോഹൻലാലിനെതിരെ സൈബർ ലോകത്ത് വിമർശന പൊങ്കാല. രാവിലെ ചാനലിെൻറ ടെലിഫോൺ പ്രതികരണത്തിൽ, ക്ലാപ്പടിച്ചാൽ വൈറസും ബാക്ടീരിയയുമെല്ലാം നശിക്കുമെന്നാണ് മോഹൻലാൽ പറഞ്ഞത്. നാടിനുവേണ്ടി വീട്ടിലിരിക്കുകയാണെന്ന് പറഞ്ഞ നടൻ, പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം കൈയടിക്കുന്നതിനെക്കുറിച്ച് പറഞ്ഞതാണ് അബദ്ധമായത്.
‘അഞ്ചു മണിക്ക് എല്ലാവരും കൂടി ക്ലാപ് ചെയ്യുന്നത് ഒരുവലിയ പ്രോസസാണ്. ആ ശബ്ദമെന്നത് ഒരു വലിയ മന്ത്രം പോലെയാണ്. അതിലൊരുപാട് ബാക്ടീരിയയും വൈറസുമൊക്കെ നശിച്ചുപോകാൻ സാധ്യതയുണ്ട്. അങ്ങനെ നശിച്ചുപോകട്ടെ’ -എന്നായിരുന്നു വാക്കുകൾ. കോവിഡ് നിയന്ത്രണത്തിനായി അശ്രാന്ത പരിശ്രമം നടത്തുന്ന ആരോഗ്യപ്രവർത്തകർക്കായി രാജ്യമൊന്നടങ്കം പാത്രത്തിൽ മുട്ടുകയോ കൈയടിക്കുകയോ വേണമെന്നാണ് കർഫ്യൂ പ്രഖ്യാപനത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത്. എന്നാൽ, കൈയടിയെക്കുറിച്ചും ഒരുദിവസം പുറത്തിറങ്ങാതിരുന്നാൽ വൈറസുകൾ നശിച്ചുപോവുന്നതിനെക്കുറിച്ചുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ധാരാളം അശാസ്ത്രീയ വാദങ്ങൾ പ്രചരിച്ചു. ഇതേറ്റുപിടിക്കുകയാണ് മോഹൻലാലും ചെയ്തത്. പ്രസ്താവന വൈറലായതോടെ ട്രോളുകളും വിമർശനക്കുറിപ്പുകളുമായി ആരാധകർ ഉൾെപ്പടെ നിരവധി പേർ താരത്തിനെതിരെ തിരിഞ്ഞു. അടിസ്ഥാനരഹിത പ്രചാരണം ഉചിതമല്ലെന്ന് പലരും ചൂണ്ടിക്കാട്ടി. നടനെതിരെ വ്യാജപ്രചാരണത്തിന് കേസെടുക്കണമെന്ന ആവശ്യവും ഉയർന്നു.
ഇതിനിടയിൽ, നടൻ സലിംകുമാർ കോവിഡ് വ്യാപനത്തിനെതിരെ കുറേക്കൂടി ജാഗ്രതയും ഗൗരവവുമുള്ള പ്രസ്താവന പത്രലേഖനത്തിലൂടെ നടത്തി. ജനത കർഫ്യൂ ട്രോളിൽനിന്ന് തെൻറ ചിത്രം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. കൊറോണ സംബന്ധ ട്രോളുകൾ കൊണ്ട് നിങ്ങൾക്കു കിട്ടുന്ന ചിരിയുടെ നീളം നിങ്ങൾക്കോ കുടുംബത്തിനോ രോഗം ബാധിക്കുന്നതുവരെയേ ഉള്ളൂവെന്ന് സലിം കുമാർ വ്യക്തമാക്കി. ‘കൂടുതലും എെൻറ മുഖമുള്ള ട്രോളുകളാണ് കണ്ടത്. മനസാവാചാ എനിക്കതിൽ ബന്ധമില്ലെങ്കിൽപോലും എനിക്ക് പശ്ചാത്താപമുണ്ട്, അത്തരം ട്രോളുകളിൽ നിന്നെന്നെ ഒഴിവാക്കണം’ -സലിംകുമാർ അപേക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.