ഒരുമിച്ച് നിൽക്കേണ്ടവർക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമം -പിണറായി വിജയൻ

കോട്ടയം: പൊതുതിന്മകൾക്കെതിരെ ഒരുമിച്ച് നിൽക്കേണ്ടവരെ തമ്മിലടിപ്പിച്ച് അവർക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ആസൂത്രിതമായ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ശ്രമങ്ങളെ ചെറുത്തുതോൽപിക്കുകയെന്ന വലിയ ഉത്തരവാദിത്തം ഏറ്റെടുേക്കണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടക്കുന്ന ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെ (സി.സി.എ) പതിനഞ്ചാമത് ജനറൽ അസംബ്ലിയുടെ ഭാഗമായി നടന്ന ഏഷ്യൻ എക്യുമെനിക്കൽ ഫെസ്റ്റിവലിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി.

മുതലെടുക്കാൻ കാത്തിരിക്കുന്നവർക്ക് തെറ്റിദ്ധാരണകളിൽനിന്നുണ്ടാകുന്ന പ്രസ്താവനകൾ അവസരമാകും. ഇതിൽ സൂക്ഷ്മത പാലിക്കണമെന്ന് പറഞ്ഞ അദ്ദേഹം, പരസ്പരം മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടതെന്നും വ്യക്തമാക്കി. സമൂഹത്തിലെ മതപരവും സാമൂഹികവുമായ യോജിപ്പിനുള്ള ശ്രമങ്ങൾ കൂടുതൽ അർഥവത്തായി നടപ്പാക്കേണ്ട കാലമാണിത്. ഏഷ്യ വൻകരയിൽ തീവ്രവാദ ചിന്താഗതിയും പ്രവർത്തനങ്ങളും വർധിച്ചുവരുന്നുണ്ട്‌. ഇതിനെ പരാജയപ്പെടുത്തുകയും ഭിന്നതകളെ ലഘൂകരിക്കുകയും ചെയ്യണം. ഏഴര വർഷത്തിനിടെ രാജ്യത്ത്‌ വർഗീയ സംഘർഷമുണ്ടാകാത്ത ഏക സംസ്ഥാനമാണ്‌ കേരളം. സംഘർഷം സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടായിട്ടും കേരളം ഒറ്റക്കെട്ടായി ഇവയെ ചെറുത്തുതോൽപിച്ചു - മുഖ്യമന്ത്രി പറഞ്ഞു.

മാര്‍ത്തോമാസഭ അധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ, വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി പ്രഫ. ഡോ. ജെറി പിള്ളൈ, സി.സി.എ മോഡറേറ്റർ ബിഷപ് ദിലൊരാജ് കനകസഭ, ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ബിഷപ് തിമോത്തി രവീണ്ടർ, ബിഷപ് റിയൂൾ നോർമാൻ മരിഗ്സ, ഡോ. എബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് ജോർജ് ചുനക്കര എന്നിവർ സംസാരിച്ചു.

Tags:    
News Summary - Trying to create enmity and hatred among those who should stand together - Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.