പാലക്കാട്: ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന വനിത ടി.ടി.ഇമാരുൾപ്പെടെയുള്ളവർക്ക് വിശ്രമിക്കാൻ മതിയായ സൗകര്യം ഒരുക്കാത്ത റെയിൽവേ നടപടിക്കെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്ത് നോട്ടീസയച്ചു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനൽ മാനേജർമാർ 30 ദിവസത്തിനകം പരാതി വിശദമായി പരിശോധിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
ജൂണിൽ പാലക്കാട്ട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. 1000ത്തോളം ടി.ടി.ഇമാരാണ് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി ജോലി ചെയ്യുന്നത്. 30 ശതമാനം വനിത ജീവനക്കാരാണ്. ടി.ടി.ഇമാർക്ക് ജോലി സമയത്തിന് ശേഷം വിശ്രമിക്കാൻ റെയിൽവേ സ്ഥലം നൽകാത്തതിനാൽ നിലത്തുകിടന്ന് വിശ്രമിക്കേണ്ട അവസ്ഥയാണെന്ന് പരാതിയിൽ പറയുന്നു.
തിരുവനന്തപുരം, എറണാകുളം, ഷൊർണൂർ, മംഗലാപുരം, പാലക്കാട് ഡിവിഷനുകളിൽ റെയിൽവേ ബോർഡ് നിഷ്കർഷിച്ച ഒരു സൗകര്യവും ജീവനക്കാർക്ക് നൽകുന്നില്ല. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സാഹചര്യം പോലുമില്ല. ഷൊർണൂർ സ്റ്റേഷനിലെ വിശ്രമമുറിയിൽ നാല് കട്ടിലിടാനുള്ള സൗകര്യം മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.