ഒരു കാലത്ത് മലബാറിന്റെ സ്വന്തം റോക്ക് ബാൻഡായിരുന്നു ‘ഡ്രെഡ് ലോക്’. കോഴിക്കോടിന്റെ സംഗീതപാരമ്പര്യത്തിൽ റോക്ക് മ്യൂസിക്കിനും വലിയ പങ്കുണ്ടെന്ന് തെളിയിച്ച ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മ. 90കളിലാണ് നഗരത്തിലെ ഏതാനും പേർ അങ്ങനെയൊരു സംഘത്തിന് രൂപം നൽകിയത്.
പുതിയൊരു സംഗീത പരീക്ഷണത്തിന് മുതിർന്ന ഈ ചെറുപ്പക്കാർ വളരെ വേഗം വൈറലായി. അക്കാലത്ത് കിട്ടാവുന്ന ഏറ്റവും മികച്ച അവസരങ്ങൾ ഇവരെ തേടിയെത്തി. എം.ടിവിയുടെ ആർ.എസ്.ജെ മ്യൂസിക് ഫെസ്റ്റിവലിലുമൊക്കെ വലിയ തരംഗം സൃഷ്ടിച്ച ‘ഡ്രെഡ് ലോകി’ന്റെ ഖ്യാതി ആഗോള തലത്തിലേക്കും വ്യാപിച്ചു. പത്തു വർഷത്തോളം സജീവമായി നിലനിന്ന സംഗീതസംഘം പിന്നീട് പലവഴികളിലായി പിരിഞ്ഞു. അതോടെ, ബാൻഡ് നിർജീവമായി. ഇരുപതു വർഷത്തിനുശേഷം അവർ ഒന്നിക്കുകയാണ്.
ശനിയാഴ്ച വൈകുന്നേരം കോഴിക്കോട് ബീച്ചിനടുത്ത് അവർ ലൈവ് കൺസേർട്ടുമായി തിരികെ വരുന്നു. നീണ്ട ഇടവേളക്കുശേഷം, ഗിറ്റാറിന്റെ തന്ത്രികളിൽനിന്ന് സംഗീതം പെരുമഴപെയ്യും. ഡ്രെഡ് ലോക്സിന്റെ വോക്കലിസ്റ്റ് സാൽ ഹട്ടൻ ആണ്. കോഴിക്കോട്ടെ പ്രശസ്ത സംഗീതജ്ഞനായ ആർച്ചി ഹട്ടന്റെ മകൻ. മുംബൈയിലെ തിരക്കുള്ള സംഗീതജ്ഞനാണ് അദ്ദേഹം. കൂടെ, സാജൻ മോഹൻരാജ്, ബെന്നറ്റ് റോളണ്ട്, അശ്വിൻ ശിവദാസൻ എന്നിവരുമുണ്ടാകും. അശ്വിനും ചലച്ചിത്ര സംഗീതലോകത്ത് സജീവമാണ്.
കോവിഡ് കാലത്താണ്, വീണ്ടും ഒന്നിക്കണമെന്നും കോഴിക്കോട് നഗരത്തിൽ വീണ്ടും സംഗീത പരിപാടി അവതരിപ്പിക്കണമെന്നുമുള്ള മോഹം അവരിലുദിച്ചത്. അതാണിന്ന് യാഥാർഥ്യമാകാൻ പോകുന്നത്. ഒരു കാലത്ത് കേരളത്തെ ഇളക്കിമറിച്ച ഈ സംഘം നവസമൂഹ മാധ്യമങ്ങളിലും സജീവമാകാനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.