രണ്ടരവർഷം കഴിഞ്ഞിട്ടും റവന്യൂ വകുപ്പിലെ മോണിറ്ററിങ് സെല്ലിന് ഒരു റിപ്പോർട്ട് പോലുമില്ല

കോഴിക്കോട്: റവന്യൂ വകുപ്പിലെ മോണിറ്ററിങ് സെല്ലിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി) റിപ്പോർട്ട്. സെൽ രൂപീകരിച്ച് രണ്ടരവർഷം കഴിഞ്ഞിട്ടും ഒരു റിപ്പോർട്ട് പോലും സമർപ്പിച്ചിട്ടില്ല. സെക്രട്ടേറിയറ്റിലെ റവന്യൂവിഭാഗത്തിലെ ഫയലുകൾ പരിശോധന നടത്തിയാണ് എ.ജി റിപ്പോർട്ട് നൽകിയത്. വിവിധ കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് (പി.എസ്.യു) സംസ്ഥാനം പാട്ടത്തിന് നൽകിയ ഭൂമിയുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനാണ് ലാൻഡ് റവന്യൂ കമീഷണറുടെ ഓഫിസിലെ അസി. കമ്മീഷണറുടെ (ഭൂ പതിവ്) നിയന്ത്രണത്തിൽ മോണിറ്ററിങ് സെൽ രൂപീകരിച്ചത്.

പ്രത്യേക ആവശ്യങ്ങൾക്കായി സംസ്ഥാന സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി ചില കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ പിന്നീട് സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെയും പാട്ട വ്യവസ്ഥകൾ ലംഘിച്ചും അന്യാധീനപ്പെടുത്തിയതായി റവന്യൂ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ മോണിറ്ററിങ് സെൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമായിരുന്നു.

പാട്ടത്തിനെടുത്ത ഭൂമി അന്യാധീനപ്പെട്ടതിന്റെ കണക്ക് തയാറാക്കേണ്ടത് സെല്ലിന്റെ ഉത്തരവാദിത്തമായിരുന്നു. സെൽ രൂപീകരിച്ച് ഒരു മാസത്തിനകം നടപടി സ്വീകരിച്ചത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശം. ഇക്കാര്യം സെൽ രൂപീകരിക്കുമ്പോൾ സർക്കാർ അസി. കമീഷണറോട് (ഭൂപതിവ്) നിർദേശിച്ചിരുന്നു. എന്നാൽ, രണ്ടര വർഷത്തിലധികം കഴിഞ്ഞിട്ടും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടും മോണിറ്ററിങ് സെൽ സമർപ്പിച്ചിട്ടില്ലെന്ന് ഓഡിറ്റിങ്ങിൽ കണ്ടെത്തി.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ കൈവശപ്പെടുത്തിയിരിക്കുന്ന പാട്ടത്തിന് നൽകിയ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളുടെ ശേഖരണത്തിന് പുറമെ, ജുഡീഷ്യൽ നടപടികളിലൂടെയോ അല്ലെങ്കിൽ സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനും വരുമാനനഷ്ടം ഒഴിവാക്കുന്നതിനുമായി ഭൂമിയുടെ നിയമപരമായ അവകാശങ്ങൾ ക്ലെയിം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം മോണിറ്ററിങ് സെല്ലിനാണ്. ഇക്കാര്യത്തിലും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത തുടരുകയാണ്.

ഉദാഹരണമായി, എയർ ഇന്ത്യ ഉൾപ്പെടെയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ കൈവശം വച്ചിരിക്കുന്ന പാട്ടത്തിന് നൽകിയ ഭൂമിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ മോണിറ്ററിങ് സെല്ലിന് റവന്യൂവകുപ്പ് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടില്ല. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ പ്രധാന സ്ഥലങ്ങളിൽ എയർ ഇന്ത്യയുടെ ഭൂമിയുണ്ട്. എയർ ഇന്ത്യ കമ്പനിക്ക് ഫ്രീ ഹോൾഡ് പ്ലോട്ടുകളായി കുറച്ച് ഭൂമി നൽകിയിട്ടുണ്ടെങ്കിലും, സംസ്ഥാന സർക്കാർ പാട്ടത്തിന് നൽകിയ കുറച്ച് ഭൂമിയുണ്ട്. എയർ ഇന്ത്യയുമായുള്ള പാട്ടക്കരാർ ഇപ്പോൾ ഇല്ലാതായിരിക്കുകയാണ്. ഇക്കാര്യത്തിലും നടപടിയുണ്ടായിട്ടില്ല.

സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി അന്യാധീനപ്പെടുന്നത് പരിശോധിക്കുന്നതിനും നിയമപരമായ അവകാശങ്ങൾ നേടുന്നതിനും സെല്ലിന്റെ പ്രവർത്തനം മുന്നോട്ട് പോകുന്നതിൽ റവന്യുവകുപ്പിന് വീഴ്ചപറ്റിയെന്നാണ് എ.ജിയുടെ റിപ്പോർട്ടിലെ വിലയിരുത്തൽ.

Tags:    
News Summary - Two and a half years later, not a single report; AG said that the monitoring cell in the revenue department is not efficient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.