അറസ്റ്റിലായ ഹർഷാദ്, മുഹമ്മദ്‌ റാഹിം

മീൻവണ്ടിയിൽ ഒ​ളിപ്പിച്ച 155 കി. ഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയിൽ

പെരിന്തൽമണ്ണ: മീൻകൊണ്ടുവന്ന മിനി കണ്ടെയ്നറിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച 155 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് കണ്ണൂര്‍ സ്വദേശികളെ പെരിന്തല്‍മണ്ണയില്‍ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി കുരിക്കള്‍വീട്ടില്‍ ഹര്‍ഷാദ്(25), തലശ്ശേരി വടക്കുമ്പാട് സ്വദേശി മുഹമ്മദ് റാഹിം (20) എന്നിവരെയാണ് പെരിന്തല്‍മണ്ണ സി.ഐ സി. അലവി, എസ്.ഐ. മുഹമ്മദ് യാസിര്‍ എന്നിവരുടെ നേതൃത്വത്തിൽ പിടിയിലായത്.

വ്യാഴാഴ്ച രാത്രി പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശ്ശി ബൈപാസ് റോഡില്‍ പ്രത്യേക പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ബൊലേറോ പിക്കപ്പ് വാഹനത്തിലെ മിനി കണ്ടെയ്നറില്‍ രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കണ്ടെയ്നറിനുള്ളില്‍ പഴകിയ മീന്‍ വച്ചതുകൊണ്ട് കഞ്ചാവിന്‍റെ മണം പുറത്ത് വന്നിരുന്നില്ല. വലിയ പാക്കറ്റുകളിലാക്കി അടുക്കിവച്ച നിലയിലായിരുന്നു.

വിജയവാഡയില്‍ നിന്നും ആന്ധ്ര പൊലീസ് വാഹനം പരിശോധിച്ചിരുന്നുവത്രെ. എന്നാൽ, കണ്ടെയ്നറിനകത്തെ രഹസ്യ അറ അവരുടെ ശ്രദ്ധയിൽപെട്ടില്ല.

ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്നും മത്സ്യം കൊണ്ടുവരുന്ന കണ്ടെയ്നറുകളിലും മറ്റും ഒളിപ്പിച്ച് വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന ലഹരികടത്തുസംഘങ്ങളെ കുറിച്ച് മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.സന്തോഷ് കുമാര്‍, സി.ഐ സി. അലവി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം വാഹനങ്ങൾ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. അന്വേഷണത്തില്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് കഞ്ചാവുകടത്തുന്ന സംഘത്തിലെ മുഖ്യകണ്ണികളായ രണ്ടുപേരെ കുറിച്ച് വാഹനത്തിന്‍റെ വിവരങ്ങള്‍ സഹിതം ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലില്‍ മംഗലാപുരം, കാസർകോട്, കണ്ണൂര്‍ ഭാഗത്തേക്ക് ഏജന്‍റുമാര്‍ മുഖേന ഓര്‍ഡറനുസരിച്ച് കമ്മീഷന്‍ വ്യവസ്ഥയില്‍ വലിയ അളവില്‍ കഞ്ചാവ് എത്തിക്കുന്നതായി ഇവർ സമ്മതിച്ചു. രഹസ്യകേന്ദ്രങ്ങളില്‍ സംഭരിച്ച് മലബാര്‍ ജില്ലകളിലേക്ക് ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ച് കൊടുക്കുന്ന സംഘത്തില്‍പെട്ടവരാണ് പിടിയിലായവരെന്നും ലഹരിവില്‍പനക്കെതിരെ ജില്ലാ പൊലീസിന്‍റെ പ്രതിരോധ നടപടികള്‍ ശക്തമായി തുടരുമെന്നും പൊലീസ് അറിയിച്ചു. ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡും പെരിന്തല്‍മണ്ണ സ്റ്റേഷനിലെ പൊലീസുകാരും ചേര്‍ന്നാണ് പരിശോധന നടത്തിയത്.


Tags:    
News Summary - Two arrested with 155 kg cannabis hidden in fish cart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.