കോഴിക്കോട്: നഗരത്തിലെ മാളുകളും കടപ്പുറവും കേന്ദ്രീകരിച്ച് വിൽപനക്കായെത്തിച്ച രണ്ടുകോടിയോളം രൂപ വിലവരുന്ന രാസലഹരി പിടികൂടിയ കേസിൽ കൂടുതൽ അറസ്റ്റ് ഉടനുണ്ടാവും. സംഭവത്തിൽ പിടിയിലായ പ്രതികൾക്ക് ലഹരി കൈമാറിയ സംഘത്തിൽപെട്ടവരെയും ഇടനില നിന്നവയെും കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
കേസിൽ നിലമ്പൂർ സ്വദേശി വെളിമുറ്റം വടക്കേടത്ത് ഷൈൻ (23), പെരുവണ്ണാമൂഴി സ്വദേശി മുതുകാട് കിഴക്കയിൽ ആൽബിൻ (24) എന്നിവരെയാണ് വെള്ളയിൽ പൊലീസ് ബംഗളൂരുവിൽനിന്നും കുമളിയിൽ നിന്നുമായി ഇതിനകം അറസ്റ്റുചെയ്തത്.
റിമാൻഡിലായ പ്രതികളിൽ ഷൈനിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കോടതി ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് ഷൈനിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ബംഗളൂരുവിൽ നിന്നാണ് സംഘത്തിന് ലഹരി ലഭിച്ചതെന്നാണ് ലഭ്യമായ വിവരം. മലയാളികളായ മറ്റുചിലരും ലഹരി വ്യാപാരത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർ പൊലീസ് നിരീക്ഷണത്തിലാണ്. വരും ദിവസം അറസ്റ്റുണ്ടാവും.
മേയ് 19നായിരുന്നു കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി എടക്കൽ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 779 ഗ്രാം എം.ഡി.എം.എ, ടാബ്ലെറ്റ് രൂപത്തിലുള്ള 6.150 ഗ്രാം എക്സ്റ്റസി, 80 എൽ.എസ്.ഡി സ്റ്റാബ് എന്നിവയാണ് പിടിച്ചെടുത്തത്.
ലഹരി തൂക്കുന്നതിനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും സംഘത്തിന്റെ ബൈക്കും പിടിച്ചിരുന്നു. പൊലീസിനെക്കണ്ട് ഓടി രക്ഷപ്പെട്ട പ്രതികളെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തിരിച്ചറിഞ്ഞതും പിടികൂടിയതും.
ടൗൺ അസി. കമീഷണർ കെ.ജി. സുരേഷിന്റെ മേൽനോട്ടത്തിൽ വെള്ളയിൽ ഇൻസ്പെക്ടർ ജി. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പുതിയങ്ങാടിയിൽ വീടെടുത്ത് ലഹരി കച്ചവടം നടത്തുകയായിരുന്നു
കോഴിക്കോട്: രണ്ടുകോടി രൂപയുടെ ലഹരി പിടികൂടിയ കേസിൽ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ് വീട്ടിലെത്തിയപ്പോൾ രക്ഷിതാക്കൾ പറഞ്ഞത്, തങ്ങളുടെ മക്കൾ അർമീനിയയിലെന്ന്. നേരത്തെ കോഴിക്കോട്ടെ സ്ഥാപനത്തിൽ ഹോട്ടൽ മാനേജ്മെന്റ് പഠിക്കുമ്പോഴാണ് ഷൈനും ആൽബിനും സുഹൃത്തുക്കളായത്.
ജോലിക്കായി രണ്ടുപേരും ഒരുമിച്ച് അർമീനിയയിൽ പോയി. എന്നാൽ, നാലുമാസം അവിടെ നിന്ന ശേഷം വീട്ടുകാരും നാട്ടുകാരും അറിയാതെ ഇരുവരും കോഴിക്കോട്ടെത്തുകയും പുതിയങ്ങാടി ഭാഗത്ത് വാടക വീടെടുത്ത് ലഹരി കച്ചവടം നടത്തുകയുമായിരുന്നു. ഇവർ അറസ്റ്റിലായതോടെയാണ്, മക്കൾ വിദേശത്തുനിന്ന് കോഴിക്കോട്ട് തിരിച്ചെത്തിയതടക്കം രക്ഷിതാക്കൾ അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.