മുട്ടിൽ: കിറ്റു വാങ്ങാനായി കിലോമീറ്ററുകൾ അകലെയുള്ള ട്രൈബൽ ഹോസ്റ്റലിൽ ഓട്ടോറിക്ഷയിൽ പോയി തിരിച്ചുപോകുന്നതിനിടെ പൊലിഞ്ഞത് രണ്ടു ജീവൻ. പട്ടിക വർഗ വികസന വകുപ്പ് വർഷത്തിൽ ആദിവാസി വിഭാഗങ്ങൾക്ക് നൽകാറുള്ള കിറ്റു വാങ്ങാനായി എടപ്പെട്ടിയിൽനിന്നും ഷെരീഫിന്റെ ഓട്ടോറിക്ഷയിൽ എട്ടു കിലോമീറ്റർ ദൂരെയുള്ള കല്ലുപാടിയിലെ ട്രൈബൽ ഹോസ്റ്റലിൽ പോയി മടങ്ങിവരുന്നതിനിടെയാണ് ദാരുണ അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ഷെരീഫ്, ഓട്ടോയിലുണ്ടായിരുന്ന മുട്ടിൽ 18ാം വാർഡ് ചുള്ളിമൂല കോളനിയിലെ അമ്മിണി എന്നിവരാണ് മരിച്ചത്. അമ്മിണിക്കൊപ്പം കിറ്റുവാങ്ങാൻ പോയ ശാരദ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.
കിറ്റുവാങ്ങാനായി 300 രൂപയിലധികം ഓട്ടോകൂലി നൽകിയാണ് വർഷങ്ങളായി എടപ്പെട്ടിയിലെ കോളനിയിലുള്ളവർ ഉൾപ്പെടെ കല്ലുപാടിയിലേക്ക് പോകുന്നത്. മുട്ടിൽ പഞ്ചായത്തിലെ 19 വാർഡുകളിലുള്ളവർക്കുള്ള കിറ്റ് കല്ലുപാടിയിൽനിന്നാണ് വിതരണം ചെയ്യുന്നത്. ഇതിൽ ദൂരം കൂടുതലുള്ള മുട്ടിൽ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് 19, 14, 15,16,17,18, 5, 6 വാർഡുകളിലുള്ളവ ഗുണഭോക്താക്കൾക്കുള്ള കിറ്റുകൾ മുട്ടിൽ പഞ്ചായത്തിൽ എത്തിച്ചശേഷം അവിടെനിന്ന് വിതരണം ചെയ്യാമെന്ന് നിർദേശിച്ചിട്ടും ട്രൈബൽ വകുപ്പ് അധികൃതർ നിഷേധാത്മക സമീപനം തുടരുകയായിരുന്നുവെന്ന് മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടൻ പറഞ്ഞു.
അപകടം അപ്രതീക്ഷിതമാണെങ്കിൽ കൂടി 1000 രൂപയിൽ താഴെയുള്ള കിറ്റിന് 300 രൂപയിലധികം ഓട്ടോകൂലി നൽകി പാവങ്ങൾ കിലോമീറ്റർ സഞ്ചരിക്കേണ്ട പ്രായോഗിക ബുദ്ധിമുട്ട് കഴിഞ്ഞ വർഷം മുതൽ തുടരുകയാണെന്നും അവർ പറഞ്ഞു. അപകടം നടന്നശേഷം കിറ്റ് വിതരണം നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇത്രയധികം ദൂരെ പോയി കിറ്റ് വാങ്ങാനുള്ള ബുദ്ധിമുട്ട് നേരത്തേ തന്നെ അറിയിച്ചിട്ടുള്ളത്. ഇത്രയും വാർഡുകളിലേക്കുള്ള കിറ്റ് പഞ്ചായത്തിൽ വെക്കാനുള്ള സംവിധാനം ഉണ്ടാക്കാനും ബാക്കിയുള്ളവർക്ക് വാഹനത്തിലെത്തിക്കാനും നിർദേശിച്ചതാണെങ്കിലും ഇക്കാര്യങ്ങൾ പാടെ അവഗണിക്കുകയായിരുന്നുവെന്നും നസീമ മങ്ങാടൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.