രണ്ടാഴ്ചക്കിടെ രണ്ട് ലക്ഷം പേർക്ക് വൈറൽ പനിപ്പകർച്ച

തിരുവനന്തപുരം: ഓണത്തിനുശേഷം സംസ്ഥാനത്ത് വൈറൽ പനി കുതിച്ചുയരുന്നുവെന്ന് കണക്കുകൾ. സാധാരണ മഴക്കാലത്താണ് വൈറൽ പനി പടരുന്നതെങ്കിൽ കാലംതെറ്റിയാണ് നിലവിലെ പനിപ്പകർച്ച.

സെപ്റ്റംബർ ഒന്നുമുതൽ പത്തുവരെ 96,288 പേരാണ് ചികിത്സ തേടിയിരുന്നതെങ്കിൽ സെപ്റ്റംബർ 11 മുതൽ ശനിയാഴ്ച (സെപ്റ്റം.24) വരെയുള്ള കണക്കുപ്രകാരം പനി ബാധിച്ചവർ രണ്ട് ലക്ഷം (2,01,533) പേരാണ്.

ഫലത്തിൽ ഓണത്തിനുശേഷം പനിബാധിതരുടെ എണ്ണം മുൻ ആഴ്ചയിലേതിന്‍റെ രണ്ടിരട്ടിയായി എന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ഓണസമയത്തെ കൂടിച്ചേരലുകൾ, മാസ്ക് ഉപയോഗം കുറഞ്ഞത് എന്നിവയാകാം നിലവിലെ രോഗപ്പകർച്ചക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ജലദോഷം, പനി, ചെവിവേദന, മൂക്കൊലിപ്പ്, ചുമ, തൊണ്ട വേദന തുടങ്ങിയ പതിവ് ലക്ഷണങ്ങൾ തന്നെയാണ് നിലവിൽ പടരുന്ന വൈറൽ പനിക്കും. രോഗം ഭേദമായി ആരോഗ്യം പഴയപടിയാകാനും സമയമെടുക്കുന്നുവെന്ന് അനുഭവസ്ഥർ പറയുന്നു. പനി മാറിയാലും ക്ഷീണം ശേഷിക്കുകയാണ്.

ചിലരിൽ പനി മാറി ഒരാഴ്ചയുടെ ഇടവേളയിൽ വീണ്ടും പനി വരുന്ന സ്ഥിതിയുമുണ്ട്. സാധാരണ വൈറൽ പനി വരുന്ന ഘട്ടങ്ങളിൽ ശരീരത്തിന്‍റെ പ്രതിരോധശേഷി കുറയുമെന്നും ഈ ഘട്ടത്തിൽ ബാക്ടീരിയൽ ഇൻഫെക്ഷനുള്ള സാധ്യതയുണ്ടെന്നും ഡോ.ജി.എസ്. വിജയകൃഷ്ണൻ മാധ്യമത്തോട് പറഞ്ഞു. ഇതാണ് പനി നീളാനും ചുമയും കഫക്കെട്ടും ക്ഷീണവുമെല്ലാം തുടരുന്നതിനും കാരണമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

വിദ്യാർഥികൾക്കിടയിലെ പനിപ്പകർച്ചയും കൂടിയിട്ടുണ്ട്. ചെറിയ കുഞ്ഞുങ്ങൾക്ക് മാസത്തിൽ രണ്ടും മൂന്നും തവണ വരെ പനി പിടികൂടുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളിൽ പെട്ടെന്ന് രോഗങ്ങൾ വരുന്നതിന് കാരണം പ്രതിരോധശേഷി കുറയുന്നതാണെന്നാണ് വിലയിരുത്തൽ.

കോവിഡ് കാലത്തെ മുൻകരുതലുകൾ വൈറൽ ബാധകൾ കുറഞ്ഞതും ഇതുമൂലമുള്ള ആർജിത പ്രതിരോധമുണ്ടാകാത്തതുമെല്ലാണ് നിലവിലെ രോഗവർധനക്ക് കാരണം. ഈ വർഷം ആകെ 22 ലക്ഷം പേർക്കാണ് പനി ബാധിച്ചത്.

ശനിയാഴ്ച വരെ 270 പേർക്ക് ഡെങ്കിപ്പനിയും 169 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിനം 1500-2000 കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പകര്‍ച്ചവ്യാധികൾക്കെതിരെ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്.

Tags:    
News Summary - Two lakh people have viral fever in two weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.