കൊച്ചി: ടെലിവിഷൻ പരിപാടികളുടെ പ്രേക്ഷകപ്രീതി അളക്കുന്ന ടി.ആർ.പിയിൽ (ടെലിവിഷൻ റേറ്റിങ് പോയൻറ്) രണ്ടു മലയാളം ചാനലുകൾ കൃത്രിമം കാണിച്ചത് വീണ്ടും ചർച്ചയാകുന്നു. അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി, ടി.ആർ.പി കൂട്ടിക്കാണിച്ച് കൂടുതൽ പരസ്യക്കാരെ നേടിയതിനെതിരെ മുംബൈ പൊലീസ് കേസെടുത്തത് വൻ വിവാദമായ സാഹചര്യത്തിലാണ് 2016 ഒക്ടോബറിൽ ഇതേ രീതിയിൽ കേരളത്തിൽ നടന്ന തട്ടിപ്പും വാർത്തയാകുന്നത്.
ചുരുങ്ങിയ ദിവസങ്ങളിൽ ഒരു മലയാളം വിനോദ ചാനലിെൻറ റേറ്റിങ് കുത്തനെ ഉയർന്നതാണ് സംശയത്തിന് ഇടവരുത്തിയത്. തുടർന്ന് ബാർക്കും (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ ഇന്ത്യ) കേരള ടി.വി ഫെഡറേഷനും ഡി.ജി.പിക്ക് പരാതി നൽകി. ഇവ രണ്ടിെൻറയും റേറ്റിങ് പിന്നീട് താഴ്ന്നതോടെ കേസ് ശ്രദ്ധിക്കപ്പെടാതെ പോയി. പ്രേക്ഷകൻ ടി.വി കാണുന്ന സമയം രേഖപ്പെടുത്തുന്ന ബാർ ഒ മീറ്ററുകൾ വീടുകളിൽ സ്ഥാപിച്ചാണ് പ്രേക്ഷകമൂല്യം അളക്കുന്നത്. ഈ വീടുകളുടെ വിവരം ശേഖരിക്കാൻ രണ്ടു മലയാളം ചാനലുകൾ അവിഹിതമായി ശ്രമം നടത്തിയതായാണ് കണ്ടെത്തൽ.
1600 വീടുകളിൽ മീറ്റർ സ്ഥാപിച്ചാണ് കേരളത്തിലെ 83 ലക്ഷം കുടുംബങ്ങളുടെ ടെലിവിഷൻ അഭിരുചി ബാർക് അളക്കുന്നത്. സാമൂഹികം, സാമ്പത്തികം, ഭൂപ്രദേശം തുടങ്ങി നിരവധി ഘടകങ്ങൾ ആസ്പദമാക്കിയാണ് വീടുകളുടെ തെരഞ്ഞെടുപ്പ്. കേരളത്തിലെ ചാനലുകളുടെ പരസ്യനിരക്ക് നിശ്ചയിക്കുന്നത് 1600 മീറ്ററുകൾ അടിസ്ഥാനമാക്കിയായതിനാൽ ഇവ സ്ഥാപിച്ച വീടുകൾ കണ്ടെത്താനായി ചാനലുകൾ ശ്രമിക്കും.
അതിൽ 10 വീടുകളെയെങ്കിലും സ്വാധീനിച്ചാൽതന്നെ റേറ്റിങ്ങിൽ വലിയ വ്യതിയാനം വരുത്താം. സോഷ്യൽ മീഡിയ വ്യൂവർഷിപ്പിൽ വളരെ താഴെ നിൽക്കുന്ന ചാനലുകൾപോലും ടി.ആർ.പി റേറ്റിങ്ങിൽ മുന്നിലെത്തുന്നതിൽ സംശയം ഉയർന്നിട്ടുണ്ട്.
സെറ്റ്ടോപ് ബോക്സുപോലെ ഒരുപകരണമാണ് ബാർ ഒ മീറ്ററുകൾ. ഇതിനായി പ്രത്യേക റിമോട്ട് നൽകും. ഓരോ ചാനലും അതിെൻറ വിഡിയോ കണ്ടൻറിനൊപ്പം മനുഷ്യെൻറ ചെവിയിൽ പതിയാത്ത ഓഡിയോ വാട്ടർമാർക്ക് പ്രത്യേകം ഫ്രീക്വൻസിയിൽ സംപ്രേഷണം ചെയ്യും. മീറ്റർ സ്ഥാപിച്ച വീടുകളിൽ ഏതു ചാനലാണോ കാണുന്നത് അതിെൻറ ഓഡിയോ വാട്ടർമാർക്ക് മീറ്റർ മനസ്സിലാക്കും. കുടുംബാംഗങ്ങൾ, അവരുടെ പ്രായം എന്നിവയൊക്കെ സർവേ ഏജൻസി മുൻകൂട്ടി ബാർക് ഡെസ്ക്ടോപ് സോഫ്റ്റ്വെയറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഓരോരുത്തരും അവർക്കിഷ്ടമുള്ള ചാനൽ തെരഞ്ഞെടുക്കുേമ്പാൾ അത് കാണുന്നയാളെയും സമയവും സോഫ്റ്റ്വെയർ മനസ്സിലാക്കും. അത് വിശകലനം ചെയ്താണ് ചാനലുകളുടെ റേറ്റിങ് ബാർക് പുറത്തുവിടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.