മൂന്നാർ: തിരുനെൽവേലിയിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് ഒന്നരക്കോടി രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഘത്തിലെ രണ്ട് പേരെ മൂന്നാറിൽ പൊലീസ് സാഹസികമായി പിടികൂടി. ചാലക്കുടി സ്വദേശികളായ നെല്ലിശ്ശേരി ഫെബിൻ സാജു (26),എഡ്വിൻ തോമസ് (26) എന്നിവരെയാണ് മൂന്നാർ പൊലീസും തിരുനെൽവേലി പൊലീസും ചേർന്ന് കുടുക്കിയത്.
തിരുനെൽവേലി സ്വദേശിയും ജ്വല്ലറി ഉടമയുമായ സുഷാന്തിനെയാണ് (46) കഴിഞ്ഞ 30ന് കാർ തടഞ്ഞുനിർത്തി ആക്രമിച്ച് ഇവരുൾപ്പെട്ട സംഘം കവർച്ച നടത്തിയത്. സുഷാന്ത് രണ്ട് ജീവനക്കാർക്കൊപ്പം സ്വർണം വാങ്ങുന്നതിന് പണവുമായി നെയ്യാറ്റിൻകരയിലേക്ക് കാറിൽ പോകുന്നതിനിടെ ആയിരുന്നു ആക്രമണം. നാങ്കുനേരി റെയിൽവേ മേൽപാലത്തിൽ കാർ തടഞ്ഞ് സുഷാന്തിന്റെ മുഖത്ത് മുളകുപൊടി വിതറി പണമടങ്ങിയ ബാഗ് തട്ടിയെടുക്കാനാണ് ശ്രമിച്ചത്.
ഈ സമയത്ത് ഇതുവഴി ഒരു ബസ് വന്നതോടെ ഇവർ സുഷാന്തിനെ കാറിൽ കയറ്റി ആ കാറുമായി കടന്നു. സുഷാന്തിനെ മർദിച്ച് അവശനാക്കിയശേഷം വഴിയിൽ തള്ളുകയും നെടുങ്കുളത്ത് സുഷാന്തിന്റെ കാർ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയും ചെയ്തു.
സുഷാന്തിന്റെ പരാതിയെ തുടർന്ന് ഡിവൈ.എസ്.പി കെ.രാജുവിന്റെ നേതൃത്വത്തിൽ അഞ്ച് പേരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. അന്വേഷണത്തിൽ പ്രതികൾ ശാന്തൻപാറയിൽ ഒരു റിസോർട്ടിൽ ഇവർ ഉള്ളതായി കണ്ടെത്തി. എന്നാൽ പൊലീസ് എത്തിയതോടെ പ്രതികൾ റിസോർട്ടിന്റെ ഗേറ്റ് വാഹനമിടിച്ച് തകർത്ത് രക്ഷപ്പെട്ടു. പൂപ്പാറ ഭാഗത്തുനിന്നും മൂന്നാർ റൂട്ടിൽ ഇവരുടെ വാഹനം പോകുന്നതറിഞ്ഞ് തമിഴ്നാട് പൊലീസ് ഇടുക്കി ജില്ല പൊലീസ് മേധാവിയുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മൂന്നാർ ഡിവൈ.എസ്.പി അലക്സ് ബേബി സി.ഐ രാജൻ.കെ. അരമനയോട് പരിശോധനക്ക് നിർദേശം നൽകി. പിന്നീട് വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പ്രതികളെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തിരുനെൽവേലിയിലേക്ക് കൊണ്ടുപോയി.കവർച്ച പണത്തിൽ ഒരുഭാഗം ഇവരിൽ നിന്ന് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.