ഭൂമിക്ക് വേണ്ടിയുള്ള നിയമ പോരാട്ടവുമായി അട്ടപ്പാടിയിലെ രണ്ട് ആദിവാസി അമ്മമാർ ഹൈകോടതിയിൽ

കോഴിക്കോട്: അന്യാധീനപ്പെട്ട ഭൂമിക്ക് വേണ്ടിയുള്ള നിയമ പോരാട്ടവുമായി അട്ടപ്പാടിയിലെ രണ്ട് ആദിവാസി അമ്മമാർ ഹൈകോടതിയിൽ. നാല് ഏക്കർ ഭൂമി അന്യാധീനപ്പെട്ട അട്ടപ്പാടി സ്വദേശി സരസ്വതിയും 2.5 ഏക്കർ നഷ്ടപ്പെട്ട ചീരക്കടവിലെ രാമിയുമാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. നൂറുകണക്കിന് ടി.എൽ.എ (അന്യാധീനപ്പെട്ട ഭൂമി) കേസുകളിൽ കുടിയേറ്റക്കാർക്ക് അനുകൂലമായി ഉത്തരവിട്ടു. പകരം ഭൂമിക്ക് ആദിവാസിക്ക് അർഹതയുണ്ടെന്നു മാത്രമാണ് ഉത്തരവിലെ അവസാന വാചകം. നിയമപ്രകാരം പകരം ഭൂമി നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്. അത് സർക്കാർ പാലിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.

1975 ൽ നിയമസഭ പാസാക്കിയ നിയമപ്രകാരം ടി.എൽ.എ കേസിൽ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്ത് നൽകാൻ ഒറ്റപ്പാലം ആർ.ഡി.ഒ ഉത്തരവിട്ടിരുന്നു. എന്നാൽ,1999 ൽ പുതിയ നിയമം പാസാക്കിയതോടെ നാമമാത്ര കർഷകർക്ക് അഞ്ച് ഏക്കർവരെ കൃഷി ഭൂമി കൈവശം വെക്കാം. അഞ്ചേക്കറിലധികമുള്ള ഭൂമി മാത്രമേ ആദിവാസികൾക്ക് തിരിച്ച് നൽകേണ്ടതുള്ളു. 2009 ൽ നിയമം സുപ്രിം കോടതിയും അംഗീകരിച്ചതോടെ നടപ്പാക്കി തുടങ്ങി. നിയമപ്രകാരം ഭൂമി അന്യാധീനപ്പെട്ട ആദിവാസി കുടുംബത്തിന് തത്തുല്യമായ, കൃഷിയോഗവും വാസയോഗ്യവുമായ ഭൂമി സർക്കാർ നൽകണമെന്നാണ്. എന്നാൽ റവന്യൂ വകുപ്പ് നിയമത്തിലെ ഈ വ്യവസ്ഥ പാലിക്കുന്നില്ല. അത് പാലിക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്.

കേരളത്തിന്റെ ചരിത്രത്തിൽ ഏതാണ്ട് അഞ്ച് പതിറ്റാണ്ടോളമായി പരിഹാരമില്ലാതെ തുടരുന്ന വിഷയമാണ് അന്യാധീനപ്പെട്ട ആദിവാസി ഭൂമി. വയനാട്ടിലെ ഡോ.നല്ലതമ്പി തേര ആണ് 1975 ലെ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം കോടതിയെ സമീപിച്ചത്. അദ്ദേഹത്തിൻറെ നിയമ പോരാട്ടം സർക്കാരിന് വലിയ തലവേദനയായി. ഹൈകോടതി അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിച്ചു നൽകാണമെന്ന് അന്തിമ ഉത്തരവ് നൽകിയപ്പോഴാണ് 1975 ലെ നിയമം അട്ടിമറിക്കാൻ സർക്കാർ 1996ൽ നിയമ നിർമാണം നടത്തിയത്.

കെ.ആർ. ഗൗരിയമ്മ ഒഴികെയുള്ള എം.എൽ.എമാരുടെ പിന്തുണയോടെ പാസാക്കിയ 1996-ലെ നിയമം ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി തിരിച്ചയച്ചു. തുടർന്ന് 1999- ൽ കൃഷിഭൂമി കൈമാറ്റം എന്ന അർഥത്തിൽ നാമമാത്ര കർഷകർക്കായി പുതിയ നിയമം നിയമസഭ പാസാക്കി. അന്നും കെ.ആർ ഗൗരിയമ്മ മാത്രമാണ് എതിർത്തത്. അന്യാധിപ്പെട്ടതിൽ അതേ ഭൂമിയുടെ പകുതി ആദിവാസിക്ക് നൽകണെന്നും ഗൗരിയമ്മ വാദിച്ചു. അതും നിയമസഭ അംഗീകരിച്ചില്ല. ആദിവാസികളെ മനോഹരമായി ഇടതുസർക്കാരും മുൻമന്ത്രി കെ.ഇ. ഇസ്മയിലും പറ്റിച്ചു. അഞ്ചേക്കർ വരെ കൈയേറിയ കർഷകന് കൃഷിഭൂമി കൈവശം വെക്കാനുള്ള അനുമതി നിയമനിർമാണത്തിലൂടെ ലഭിച്ചു.

എന്നാൽ, അഞ്ചേക്കറിലധികം കൈയറിയവർ ആർ.ഡി.ഒയുടെയും കല്കടറുടെയും ഉത്തരവ് ഉണ്ടായിട്ടും അഞ്ചേക്കറിലധികമുള്ള ഭൂമി ആദിവാസിക്ക് തിരിച്ചു നൽകിയില്ല. തിരിച്ചുപിടച്ച് നൽകാൻ സർക്കാരും തയാറായില്ല. ആദിവാസികൾക്ക് അനുകൂലമായി സുപ്രീംകോടതി വിധിയുള്ള കേസിൽപോലും സർക്കാർ നടപടി സ്വീകരിച്ചില്ല.

1999 ലെ നിയമം 2009 ൽ സുപ്രീംകോടതി അംഗീകരിച്ചതോടെ ടി.എൽ.എ കേസുകളിൽ ആർ.ഡി.ഒയും കലക്ടറും അഞ്ചേക്കറിൽ കുറവുള്ള ഭൂമിയെല്ലാം കൈയേറിയവർക്ക് വിട്ട് നൽകി ഉത്തരവ് പുറപ്പെടുവിച്ചു. ആദിവാസി ഭൂമി കൈവശപ്പെടുത്തയവർ നികുതി അടച്ച് ഭൂമി കൈമാറ്റവും നടത്തി. എല്ലാ ഉത്തരവിന്റെയും അവസാന വാചകം 1999 ലെ നിയമപ്രകാരം ആദിവാസിക്ക് പകരം ഭൂമിക്ക് അവകാശം ഉണ്ടായിരിക്കുമെന്നാണ്. അത് കടലാസിൽ മാത്രം ഒതുങ്ങി.

അഞ്ചേക്കറിൽ താഴെ ഭൂമി നഷ്ടപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് ഇതുവരെ പകരം ഭൂമി ലഭിച്ചിട്ടില്ല. അന്യാധീനപ്പെട്ട ഭൂമിക്ക് പകരമായി വാസയോഗ്യവും കൃഷിയോഗ്യവും ആയ ഭൂമി സർക്കാർ വാങ്ങി നൽകും എന്നായിരുന്നു സർക്കാർ വാഗ്ദാനം. ഇപ്പോഴും ഈ നിയമം ആദിവാസികൾക്ക് കടലാസിലെ ഏതാനും അക്ഷരങ്ങൾ മാത്രമാണ്. 1999 ലെ നിയമം നടപ്പാക്കിയപ്പോൾ കൈയേറ്റക്കാരുടെ തൽപ്പര്യം മാത്രമാണ് സംരക്ഷിച്ചത്.

നിയമസഭയിൽ പാസാക്കിയ നിയമത്തിന്റെ പ്രയോജനം ആദിവാസികൾക്ക് ലഭ്യമാകണം. ഇക്കാര്യത്തിൽ കോടതി ഇടപെടണമെന്നാണ് ആദിവാസി അമ്മമാരുടെ ഹരജിയിലെ ആവശ്യം. 955 ടി.എൽ.എ കേസുകളാണ് 1985-86 കാലത്ത് അട്ടപ്പാടിയിൽ രജിസ്റ്റർ ചെയ്തത്. ഏതാണ്ട് ആയിരത്തോളം ആദിവാസി കുടുംബങ്ങൾ. ഇന്നത് 3000-4000 കുടുംബങ്ങൾ ആയിട്ടുണ്ടാവും. അവരുടെ പ്രതിനിധികളാണ് ഹരജി നിൽകിയ രണ്ട് ആദിവാസി അമ്മമാർ.

1999 ലെ നിയമവും 2009 ലെ സുപ്രീം കോടതി ഉത്തരവും സർക്കാർ നടപ്പാക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്. ഈ ചരിത്രപരമായ ഇടപെടലിന് ഹൈകോടതിയിൽ ഹാജരാകുന്നത് അഡ്വ. കെ.ആർ അനീഷാണ്. ദേശീയ ഗായികക്കുള്ള അവാർഡ് നേടിയ നഞ്ചിയമ്മയുടെ കേസിൽ ഹാജരായതും അനീഷാണ്. മാധ്യമം ഓൺലൈൻ ആണ് അട്ടപ്പാടിയിലെ ആദിവാസികൾക്ക് ടി.എൽ.എ കേസിൽ പകരം ഭൂമി ലഭിക്കുന്നില്ലെന്ന് വാർത്ത പുറത്തുകൊണ്ടുവന്നത്.

Tags:    
News Summary - Two tribal mothers of Attapadi in High Court with legal battle for land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.