തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ യു.ഡി.എഫ് കേരള രാഷ്ട്രീയത്തിൽ അപ്രസക്തമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിയുടെ അവകാശവാദങ്ങളെല്ലാം തകർന്നടിഞ്ഞു. ഇടതുപക്ഷ സർക്കാറിനെ തകർക്കാൻ ശ്രമിക്കുന്നവർക്ക് നാട് നൽകിയ മറുപടിയാണിത്.
ജനങ്ങളുടെ വിജയമാണ് ഇക്കുറിയുണ്ടായത്. നുണപ്രചാരണങ്ങൾക്ക് ജനങ്ങളാണ് മറുപടി നൽകിയതെന്നും പിണറായി പറഞ്ഞു. 2015നേക്കാൾ വലിയ മുന്നേറ്റം എൽ.ഡി.എഫുണ്ടാക്കി. വർഗീയ ശക്തികളുടെ കുത്തിതിരിപ്പിനും കേരളത്തിൽ ഇടമില്ലെന്ന് മനസിലായി. അനാവശ്യമായ കൂട്ടുകെട്ട് ഉണ്ടാക്കാതെയാണ് ഇടതുമുന്നണി തിളക്കമാർന്ന വിജയം നേടിയതെന്നും പിണറായി പറഞ്ഞു.
യു.ഡി.എഫ് നേതാക്കളുടെ വാർഡുകളിൽ പോലും അവർ പരാജയപ്പെട്ടു. പ്രത്യേക ലക്ഷ്യമായി ഇറങ്ങിയ കേന്ദ്ര ഏജൻസികൾക്കും അർഹമായ മറുപടി കിട്ടി. തെരഞ്ഞെടുപ്പോടെ എൽ.ഡി.എഫ് കൂടുതൽ ശക്തമായി. ഇൗ കരുത്ത് വിജയത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. കേരളത്തിെൻറ മനസ് മതനിരപേക്ഷതക്കൊപ്പമാണ്. മതനിരപേക്ഷത സംരക്ഷിക്കാനും വർഗീയതക്കെതിരെ പോരാടാനും എൽ.ഡി.എഫാണുള്ളതെന്നാണ് ജനങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സർക്കാറിനെതിരെ സമാനതകളില്ലാത്ത നുണപ്രചാരണമാണ് കഴിഞ്ഞ കുറേ മാസങ്ങളായി ഉണ്ടായത്. ഇത്തരത്തിലുള്ള ദുഷ്പ്രചാരണം ജനഹിതത്തെ അട്ടിമറിക്കാൻ പര്യാപ്തമാകുമെന്നാണ് ഇതിെൻറ സ്രഷ്ടാങ്ങൾ വിചാരിച്ചിരുന്നത്. ഒരു തരത്തിലുള്ള ദുഃസ്വാധീനങ്ങൾ വഴങ്ങാതിരുന്ന വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നുവെന്നും പിണറായി വ്യക്തമാക്കി. മാധ്യമങ്ങൾ ഇപ്പോഴെങ്കിലും അവരുടെ സമീപനത്തിൽ പുനഃപരിശോധന നടത്തണമെന്ന് പിണറായി ആവശ്യപ്പെട്ടു.
ഇത്രയും പ്രതിസന്ധി നേരിട്ട ഒരു സർക്കാറുണ്ടായിട്ടില്ല. ഒാഖി, നിപ, പ്രളയം, അതിവർഷം, കോവിഡ് തുടങ്ങി പ്രതിസന്ധികളിലൂടെയാണ് സർക്കാർ കടന്ന് പോയത്. എന്നാൽ, ഒരുഘട്ടത്തിലും ജനങ്ങളെ കൈയൊഴിയാൻ സർക്കാർ തയാറായിട്ടില്ല. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ ഭൂരിപക്ഷവും നടപ്പിലാക്കിയെന്നും പിണറായി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.