തിരുവനന്തപുരം: ലോക്സഭയിലേക്ക് മൂന്നാമത് സീറ്റിനുള്ള അവകാശവാദം ആവർത്തിച്ച് മുസ്ലിംലീഗ്. ബുധനാഴ്ച നടന്ന കോൺഗ്രസ് - മുസ്ലിം ലീഗ് ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം ലീഗ് ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വസതിയായ കന്റോൺമെന്റ് ഹൗസിൽ നടന്ന യോഗത്തിൽ പക്ഷേ, തീരുമാനമായില്ല. ചർച്ച തുടരാമെന്ന ധാരണയിലാണ് പിരിഞ്ഞത്.
ഫെബ്രുവരി അഞ്ചിന് യു.ഡി.എഫ് ഏകോപനസമിതി യോഗം വിളിച്ചിട്ടുണ്ട്. ലീഗിന്റെ മൂന്നാം സീറ്റ് അവകാശവാദത്തിൽ അതിനു മുമ്പ് തീരുമാനമുണ്ടാക്കാമെന്നാണ് ധാരണ. മൂന്നാം സീറ്റ് ലഭിക്കാനിടയില്ലെന്നും ലീഗ് അതിനായി ശാഠ്യം പിടിക്കില്ലെന്നുമാണ് വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെട്ടിരുന്നു. ലീഗിന്റെ അവകാശവാദം അംഗീകരിക്കുമ്പോഴും പിന്മാറണമെന്ന കോൺഗ്രസ് അഭ്യർഥന സ്വീകരിക്കുകയെന്ന സമീപനമാണ് അന്ന് മുസ്ലിം ലീഗ് സ്വീകരിച്ചിരുന്നത്. ഇക്കുറി ആവശ്യം ഗൗരവമായിതന്നെ പരിഗണിക്കണമെന്ന നിലപാടാണ് ലീഗ് കോൺഗ്രസിന് മുന്നിൽ വെച്ചത്. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റിലാണ് നോട്ടം.
മൂന്നാം സീറ്റിന് അർഹതയുണ്ടെന്നും ചോദിച്ചു വാങ്ങണമെന്നുമുള്ള വികാരം ലീഗ് അണികളിൽ ശക്തമാണ്. ചർച്ചയിൽ യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കോൺഗ്രസിൽനിന്ന് വി.ഡി. സതീശൻ, ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ, പി.എം.എ. സലാം, കെ.പി.എ. മജീദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.