തിരുവനന്തപുരം: എക്‌സിറ്റ്പോൾ സർവേകൾ തട്ടിക്കൂട്ടാണെന്നും നാളെ വോട്ടെണ്ണുമ്പോൾ ജനം യു.ഡി.എഫിനൊപ്പമാണെന്ന് മനസിലാകുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും യു.ഡി.എഫ് മുന്നേറ്റത്തെ തകർക്കാൻ ശ്രമിച്ചു. എന്നാൽ, ജനാഭിലാഷം അനുസരിച്ച് യു.ഡി.എഫ് സർക്കാർ രൂപവത്കരിക്കുമെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അഭിപ്രായ സർവേകൾ തെറ്റിപ്പോകുന്നത് കേരള ജനത കാലാകാലങ്ങളായി കാണുന്ന കാഴ്ചയാണ്. യു.ഡി.എഫിന്‍റെ മുന്നേറ്റത്തെ തടയാനും തകർക്കാനും തികച്ചും ആസൂത്രിതമായ നീക്കമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപേ ഈ നീക്കം ആരംഭിച്ചിരുന്നു. ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരുമായിരുന്നു ഇതിന് പിന്നിൽ. വോട്ടെടുപ്പിന് മുന്നോടിയായുള്ള അഭിപ്രായ സർവേകളിലും യു.ഡി.എഫിനെ താഴ്ത്തിക്കാട്ടാനാണ് ശ്രമിച്ചത്. ഇതിന്‍റെയൊക്കെ തുടർച്ചയാണ് എക്‌സിറ്റ്പോൾ സർവേകളും.
ശാസ്ത്രീയ അടിത്തറയോ സത്യസന്ധമായ രാഷ്ട്രീയ നിഗമനങ്ങളോ ഇല്ലാത്ത തട്ടിക്കൂട്ട് സർവേകളിൽ വിശ്വാസമില്ല. ഒരു ചാനലിൽ ജയിക്കുമെന്ന് പറയുന്ന മണ്ഡലങ്ങളിൽ മറ്റൊരു ചാനലിൽ തോൽക്കുമെന്ന് വിലയിരുത്തുന്നു. ജനം ഇതൊന്നും ഗൗരവത്തിലെടുക്കില്ല.
രണ്ട് ലക്ഷം വോട്ടർമാരുള്ള മണ്ഡലത്തിൽ ഇരുന്നൂറ് പേരോട് ഫോൺ വിളിച്ചു ചോദിച്ചു തയാറാക്കുന്ന സർവേകളിൽ മണ്ഡലത്തിന്‍റെ ജനവികാരം എങ്ങനെ പ്രകടമാകാനാണ്? നാളെ വോട്ടെണ്ണുമ്പോൾ ജനം യു.ഡി.എഫിനൊപ്പമാണെന്ന് മനസിലാകും. ജനാഭിലാഷം അനുസരിച്ചു യു.ഡി.എഫ് സർക്കാർ രൂപീകരിക്കുകയും ചെയ്യും.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളും കൗണ്ടിങ് ഏജന്‍റുമാരും ജാഗ്രതയോടെ മുഴുവൻ സമയവും ഉണ്ടാകണം. തിരിമറി സാധ്യതകൾ തടയാൻ ജാഗ്രത അനിവാര്യമാണ്.
സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ജനം യു.ഡി.എഫിന് സമ്മാനിക്കുമെന്ന് ഉറപ്പാണ്. യു.ഡി.എഫിനെതിരായ ഈ നീക്കങ്ങളെയെല്ലാം നാം ഒറ്റക്കെട്ടായി അതിജീവിക്കും. നമ്മൾ ജയിക്കും -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.