തിരുവനന്തപുരം: കേന്ദ്ര--സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും വർധിച്ചുകൊണ്ടിരിക്കുന്ന ഇന്ധനവിലയിലും പാചകവാതകവിലയിലും പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താലിൽ പലയിടത്തും നേരിയ സംഘർഷം. പൊലീസ് സംരക്ഷണയോടെ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസുകൾ ഹർത്താലനുകൂലികൾ തടഞ്ഞു. പലയിടത്തും കല്ലേറുമുണ്ടായി. തിരുവനന്തപുരം,പാലക്കാട്, എറണാകുളം, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസുകള്‍ തടയുകയും ചില്ലുകള്‍ എറിഞ്ഞുടക്കുകയും ചെയ്തത്.
കോഴിക്കോട് ജില്ലയിലെ മുക്കത്തും മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ബത്തേരിയിലും കായംകുളത്തും മുക്കത്തും പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി.
ഹർത്താൽ തുടങ്ങി ആദ്യമണിക്കൂറിൽ തന്നെ തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ആര്യനാട് ഡിപ്പോയിൽ നിന്ന് ബസ് പുറത്തിറക്കുമ്പോഴാണ് കല്ലേറുണ്ടായത്. നെടുമങ്ങാട്, വിതുര, വെള്ളനാട് എന്നിവിടങ്ങളിലും ബസുകള്‍ തടഞ്ഞു. കൊല്ലത്ത് ചിന്നക്കടയില്‍ സമരാനുകൂലികള്‍ കെ.എസ്.ആർ.ടി.സി അടക്കമുളള വാഹനങ്ങള്‍ തടഞ്ഞു.
പാലക്കാട് എലപ്പുളളിക്ക് സമീപവും കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ഇതിനെ തുടര്‍ന്ന് പാലക്കാട്- പൊളളാച്ചി റൂട്ടിലെ ബസ് സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. പത്തനംതിട്ട കോന്നിയിലും കോഴഞ്ചേരിയിലും തിരുവനന്തപുരത്ത് പൂവച്ചലിലും എറണാകുളത്ത് പാലാരിവട്ടത്തും പാലക്കാട് എലപ്പുള്ളിയിലും കെ.എസ്.ആർ.ടി.സി ബസിനുനേരെ കല്ലേറുണ്ടായി.
നഗരപ്രദേശങ്ങളെ ഭാഗികമാണെങ്കിലും ഗ്രാമപ്രദേശങ്ങളിൽ ഹർത്താൽ പൂർണമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ തുറക്കാൻ ആഹ്വാനം ചെയ്തിരുന്നെങ്കിലും കടകമ്പോളങ്ങളെല്ലാം അടഞ്ഞു തന്നെ കിടക്കുകയാണ്. സംസ്ഥാനത്ത് ഒരിടത്ത് പോലും സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. സെക്രട്ടറിയേറ്റ്, ഐ.എസ്.ആർ.ഒ, ടെക്നോപാർക്ക് തുടങ്ങി സ്ഥാപനങ്ങളെ ഒന്നും ഹർത്താൽ ബാധിച്ചില്ല. ജീവനക്കാർ ഭൂരിഭാഗവും ജോലിക്കെത്തി. എന്നാൽ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം പൂർണമായും തടസപ്പെട്ടു. സ്കൂൾ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല.
ഹർത്താലിന് പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കണമെന്ന ഹൈകോടതി നിർദ്ദേശം ഉള്ളതിനാൽ പോലീസ് എല്ലായിടത്തും നിലയുറപ്പിച്ചിട്ടുണ്ട്. ഹര്‍ത്താൽ സമാധാനപരമായിരിക്കുമെന്നും കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്നും യു.ഡി.എഫ് നേതാക്കൾ നൽകിയ ഉറപ്പ് വൃഥാവിലാകുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണാൻ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.