കണ്ണൂർ: ദേശീയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് യു.ഡി.എഫും എൽ.ഡി.എഫും സംയുക്ത പ്രക്ഷോഭം നടത്തിയത് വിഷയത്തിൽ കേരളം ഒറ്റക്കെട്ടാണെന്ന് കാണിച്ചുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടാണ് സംയുക്ത പ്രതിഷേധം മുഖ്യമന്ത്രി തീരുമാനിച്ചത്. ഇനി ഇരുമുന്നണികളും വെവ്വേറെ സമരങ്ങൾ നടത്തും.
സമരവുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ ആവശ്യമായ കൂടിയാലോചനകൾ നടന്നില്ല എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. നിയമസഭയിൽ പ്രാതിനിധ്യമുള്ള കക്ഷികളുടെ നേതാക്കളെയും പ്രവർത്തകരെയും ആണ് പ്രക്ഷോഭത്തിലേക്ക് ക്ഷണിച്ചത്. യു.ഡി.എഫ് സമുന്നത നേതാക്കളായ സി.പി. ജോൺ, എം.എ. അസീസ് എന്നിവർക്ക് ഇതിൽ പ്രാതിനിധ്യം ഉണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ ആകെ ആശയക്കുഴപ്പമാണ് എന്ന വാദം ശരിയല്ല.
കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടി ആയതുകൊണ്ടാണ് വ്യത്യസ്ത അഭിപ്രായങ്ങൾ എപ്പോഴും ഉയർന്നുവരുന്നത്. പൗരത്വ ഭേദഗതി ബിൽ വിഷയത്തിൽ നിയമ പോരാട്ടം തുടരും.
സുപ്രീം കോടതി വിധി അനുകൂലമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. സമരത്തിൽ അക്രമങ്ങൾ ഒഴിവാക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മജീദ് തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.