'പ്രഫസർ ഓഫ് പ്രാക്ടീസ്' തസ്തികക്ക് അധ്യാപകയോഗ്യത വേണ്ടെന്ന് യു.ജി.സി

ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ (എൻ.ഇ.പി 2020) ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 'പ്രഫസർ ഓഫ് പ്രാക്ടീസ്' തസ്തിക സൃഷ്ടിച്ച് വിദഗ്ധരെ നിയമിക്കുന്നതിനുള്ള മാർഗരേഖ യൂനിവേഴ്സിറ്റി ഗ്രാന്‍റ് കമീഷൻ (യു.ജി.സി) പുറത്തിറക്കി. ഈ നിയമനത്തിന് നിലവിലെ പ്രഫസർ, അസോസിയറ്റ് പ്രഫസർ തുടങ്ങിയ തസ്തികയുടെ യോഗ്യതകളൊന്നും നിർബന്ധമില്ലെന്ന് മാർഗരേഖയിൽ പറയുന്നു.

സ്ഥാപനത്തിലെ ആകെ അധ്യാപക തസ്തികകളുടെ 10 ശതമാനം വരെ 'പ്രഫസർ ഓഫ് പ്രാക്ടീസ്' നിയമനം നടത്താം. നിയമിക്കപ്പെടുന്നവർക്ക് പരമാവധി നാലുവർഷമാണ് തസ്തിക‍യിൽ തുടരാനാകുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചും നിയമനം നടത്താം. എൻജിനീയറിങ്, ശാസ്ത്രം, മാധ്യമപ്രവർത്തനം, സാഹിത്യം, സംരംഭകത്വം, സാമൂഹികശാസ്ത്രം, കല, സിവിൽ സർവിസസ്, സായുധസേന തുടങ്ങിയ മേഖലയിൽ 15 വർഷമെങ്കിലും പ്രവർത്തനപരിചയമുള്ള വിദഗ്ധരെയാണ് പരിഗണിക്കുക.

ഇവർക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല. സർവിസിലുള്ളവരോ വിരമിച്ചവരോ ആയ അധ്യാപകരെ പരിഗണിക്കില്ലെന്നും മാർഗരേഖയിൽ പറയുന്നു.കൂടാതെ, വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിലവിലെ സീറ്റിന് പുറമെ 25 ശതമാനം അധിക സീറ്റ് സൃഷ്ടിക്കാൻ അനുമതി നൽകി യു.ജി.സി മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്.

വിദേശ വിദ്യാർഥികളുടെ പ്രവേശനത്തിന് സർവകലാശാലകൾക്ക് സ്വതന്ത്രമായി പ്രവേശനനയം രൂപവത്കരിക്കാമെന്ന് യു.ജി.സി ചെയർമാൻ എം. ജഗദീഷ് കുമാർ വ്യക്തമാക്കി.ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നത് സംബന്ധിച്ച കരട്മാര്‍ഗരേഖയും യു.ജി.സി പുറത്തിറക്കി.

Tags:    
News Summary - UGC says that teaching qualification is not required for the post of 'Professor of Practice'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.