കൊച്ചി: ലഹരിമരുന്ന് കേസുമായി തന്‍റെ മകന് ബന്ധമുണ്ടെന്ന ആരോപണത്തിനെതിരെ ഉമ തോമസ് രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ഉമയുടെ പ്രതികരണം. 'പൊലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകൻ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്' -എന്ന് എഴുതിയ അവർ, ഇതിന്‍റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പരാമർശത്തോടെയാണ് വിവാദത്തിന് തുടക്കമായത്. ഏറ്റവും അടുത്ത സുഹൃത്തിന്‍റെ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ മകൻ ഇന്ന് ലഹരിക്ക് അടിമയാണെന്നും അവൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണെന്നുമായിരുന്നു സതീശൻ പറഞ്ഞത്.
ഇത് പി.ടി. തോമസിന്‍റെ മകനാണെന്ന തരത്തിൽ പ്രചരിക്കുകയായിരുന്നു. ഇതോടെയാണ് ഇപ്പോൾ ഉമ തോമസ് പ്രതികരിച്ചിരുന്നത്. ചില ഷാജിമാരുടെ എഫ്.ബി പോസ്റ്റ് കണ്ടു. മരിച്ചിട്ടും ചിലർക്ക് പി. ടി യോടുള്ള പക തീർന്നിട്ടില്ലായെന്ന് എനിക്കറിയാം -ഉമ ഫേസ്ബുക്കിൽ കുറിച്ചു.
ചില ഷാജിമാരുടെ എഫ് ബി പോസ്റ്റ് കണ്ടു..
പോലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകൻ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്.
മൂത്ത മകൻ തൊടുപുഴ അൽ-അസർ കോളേജിൽ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്
മരിച്ചിട്ടും ചിലർക്ക് പി. ടി യോടുള്ള പക തീർന്നിട്ടില്ലായെന്ന് എനിക്കറിയാം.
പാതിവഴിയിൽ എന്റെ പോരാട്ടം അവസാനിപ്പിക്കുവാൻ ആര് വിചാരിച്ചാലും സാധിക്കില്ല.
പി.ടി തുടങ്ങിവച്ചതൊക്കെ ഞാൻ പൂർത്തിയാക്കുക തന്നെ ചെയ്യും.
സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഈ എഫ് ബി പോസ്റ്റ് ഇട്ടവർക്കും ഷെയർ ചെയ്തവർക്കുമെതിരെ മുഖ്യമന്ത്രിക്കും,ഡി ജി പി ക്കും, പരാതി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.