പ്രതിസന്ധി മൂലമാണ് ഉമ തോമസിനെ സ്ഥാനാർഥിയാക്കിയത്; യു.ഡി.എഫ് അധികകാലം ഉണ്ടാവില്ല -ഇ.പി ജയരാജൻ

എറണാകുളം: പ്രതിസന്ധി മൂലമാണ് തൃക്കാക്കരയിൽ ഉമതോമസിനെ യു.ഡി.എഫ് സ്ഥാനാർഥിയാക്കി​യതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. യു.ഡി.എഫ് തകർന്നുകൊണ്ടിരിക്കുകയാണ്. മുന്നണി അധികകാലം ഉണ്ടാവില്ല. എൽ.ഡി.എഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും തൃക്കാക്കരയിൽ സഹതാപതരംഗം ഉണ്ടാവില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു.

സ്ഥാനാർഥി നിർണയത്തിനായി ഇന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ്, ജില്ല കമ്മിറ്റി യോഗങ്ങൾ വിളിച്ചിട്ടുണ്ട്. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്‍റെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി. രാജീവും എം. സ്വരാജും ഉൾപ്പെടെ നേതൃയോഗം ചൊവ്വാഴ്ച എറണാകുളത്ത് ചേർന്നിരുന്നു. ജില്ല കമ്മിറ്റിയംഗം അഡ്വ. കെ.എസ്. അരുൺകുമാറിന്‍റെ പേരടക്കം പരിഗണനയിലുണ്ട്.

തൃക്കാക്കര ജയിച്ചാൽ നിയമസഭയിൽ എൽ.ഡി.എഫിന് സെഞ്ച്വറി അടിക്കാമെന്നതാണ് സി.പി.എമ്മിന് കൈവരുന്ന ഏറ്റവും വലിയ നേട്ടം. രൂപവത്കരണശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും യു.ഡി.എഫ് കൈവശം വെച്ച മണ്ഡലം പിടിച്ചെടുത്തു എന്നതിനെക്കാൾ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വികസന രാഷ്ട്രീയത്തിന് ലഭിക്കുന്ന മറ്റൊരു ജനകീയ അംഗീകാരം കൂടിയായി അത് മാറും.

യു.ഡി.എഫിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും നേരിടുന്ന വലിയ പരീക്ഷ കൂടിയാണിത്. അതിനാൽ ഭരണത്തിന്‍റെ എല്ലാ സൗകര്യവും എൽ.ഡി.എഫിന്‍റെ സംഘടനാ സംവിധാനവും തൃക്കാക്കരയിൽ കേന്ദ്രീകരിക്കും.

Tags:    
News Summary - Uma Thomas was nominated because of the crisis; UDF will not last long: EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.