ഉപ്പുതോട് സെന്‍റ് തോമസ് പള്ളി സെമിത്തേരിയിൽ പി.ടി. തോമസിന്‍റെ ചിതാഭസ്മം അടക്കം ചെയ്ത കല്ലറക്ക് മുന്നിൽ പ്രാർഥിക്കുന്ന ഉമ തോമസ്

പി.ടിയുടെ ഓർമകൾക്ക് മുന്നിൽ വിതുമ്പലോടെ ഉമ

ചെറുതോണി: കെ.പി.സി.സി വർക്കിങ് പ്രസിഡൻറായിരുന്ന പി.ടി. തോമസിന്‍റെ ചിതാഭസ്മം അടക്കം ചെയ്ത ഉപ്പുതോട് പള്ളിയിലെ കല്ലറയിൽ പുഷ്പാർച്ചന നടത്തി തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

തന്‍റെ പ്രിയപ്പെട്ടവൻ അന്തിയുറങ്ങുന്ന ഉപ്പുതോട് സെന്‍റ് തോമസ് പള്ളിയിലെ കുടുംബകല്ലറക്ക് മുന്നിൽനിന്ന് ഒരു നിമിഷം ഉമ വിതുമ്പി. തൃക്കാക്കരയിൽ സ്ഥാനാർഥിയായി തീരുമാനം വന്നതോടെ ഉമ ഉപ്പുതോട്ടിലേക്ക് ഓടിയെത്തുകയായിരുന്നു.

ബുധനാഴ്ച പുലർച്ച മൂന്നിന് മക്കളായ വിഷ്ണു, വിവേക്, മരുമകൾ ബിന്ദു എന്നിവർക്കൊപ്പം ഉപ്പുതോട്ടിലെ തറവാട്ടുവീട്ടിലെത്തുമ്പോൾ മൂത്ത സഹോദരി മാമിക്കുട്ടിയും മൂത്ത സഹോദരന്‍റെ ഭാര്യ മേരിക്കുട്ടിയും ഉറങ്ങാതെ കാത്തിരിപ്പുണ്ടായിരുന്നു. പിന്നീട് ഡീൻ കുര്യാക്കോസ് എം.പിയോടും ഇടുക്കി ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യുവിനുമൊപ്പം ഉപ്പുതോട് സെന്‍റ് ജോസഫ് ദേവാലയത്തിലെത്തി കുർബാനയിൽ പങ്കെടുത്തശേഷമാണ് കല്ലറയിൽ എത്തിയത്. പി.ടിയുടെ അടുത്തുനിന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങണമെന്നത് ആഗ്രഹമായിരുന്നുവെന്ന് ഉമ പറഞ്ഞു. തൃക്കാക്കരയിലേക്ക് മടങ്ങുംവഴി ബിഷപ് ഹൗസിലെത്തി ഇടുക്കി ബിഷപ് മാർ ജോർജ് നെല്ലിക്കുന്നേലിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി.

തുടർന്ന്, എറണാകുളം ഡി.സി.സിയിൽ യു.ഡി.എഫ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ സംസാരിച്ചു. മൂന്ന് മണിയോടുകൂടി എറണാകുളം-അങ്കമാലി അതിരൂപത ബിഷപ് മാർ ആന്‍റണി കരിയിലിനെ കാണുകയും അനുഗ്രഹം വാങ്ങുകയും തുടർന്ന് ഇടപ്പള്ളി പള്ളിയിലെ പെരുന്നാളിൽ സംബന്ധിക്കുകയും ചെയ്തു. പിന്നീട് മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയെ സന്ദർശിച്ച ശേഷം യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയിൽ സംസാരിച്ചു. കൂടാതെ, വരാപ്പുഴ അതിരൂപത ആർച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെയും സന്ദർശിച്ചു. വിവിധ മണ്ഡലങ്ങളിലെ യു.ഡി.എഫ് യോഗങ്ങളിലും സംബന്ധിച്ചു.

യു.ഡി.എഫ് യോഗം ഒമ്പതിന്

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതി ഒമ്പതിന് ഉച്ചക്ക് 12ന് എറണാകുളം ഡി.സി.സി ഓഫിസില്‍ ചേരുമെന്ന് കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു. തിരുവനന്തപുരത്ത് ചേരാന്‍ നിശ്ചയിച്ചിരുന്ന യോഗമാണ് എറണാകുളത്ത് നടക്കുക.

Tags:    
News Summary - Uma with PT's memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.