തിരുവനന്തപുരം: ഡല്‍ഹിയില്‍ ബുധനാഴ്ച നടക്കുന്ന യു.ഡി.എഫ് ധര്‍ണയില്‍നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിട്ടുനില്‍ക്കും. ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനത്തില്‍ എ ഗ്രൂപ്പിന് അര്‍ഹമായ പരിഗണന ലഭിക്കാത്തതാണ് അദ്ദേഹത്തിന്‍െറ നിശബ്ദപ്രതിഷേധത്തിന് കാരണമെന്നാണ് സൂചന.
എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണ് വിട്ടുനില്‍ക്കലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വിശദീകരണം.
നോട്ട് പരിഷ്കാരത്തിനും അതിന്‍െറ മറവില്‍ സഹകരണപ്രസ്ഥാനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിനും എതിരെയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് എം.എല്‍.എമാരും എം.പിമാരും ബുധനാഴ്ച ജന്തര്‍മന്ദറില്‍ ധര്‍ണ നടത്തുന്നത്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എ.കെ. ആന്‍റണിയാണ് ഉദ്ഘാടകന്‍.
കഴിഞ്ഞയാഴ്ച ഉമ്മന്‍ ചാണ്ടിയുടെ കൂടി സാന്നിധ്യത്തില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗമാണ് ധര്‍ണ നടത്താന്‍ തീരുമാനിച്ചത്. അതിനുശേഷമാണ് ഡി.സി.സി അധ്യക്ഷന്മാരെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഹൈകമാന്‍ഡില്‍ നിന്നുണ്ടായത്. പ്രഖ്യാപനം നടക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി വിദേശത്തായിരുന്നു. എന്നാല്‍, മടങ്ങിവന്നശേഷം നടത്തിയ ആദ്യപ്രതികരണത്തില്‍തന്നെ ഹൈകമാന്‍ഡ് തീരുമാനത്തിലെ അതൃപ്തി അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഉമ്മന്‍ ചാണ്ടിയില്ളെങ്കിലും അദ്ദേഹത്തിന്‍െറ വിശ്വസ്തര്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. അവരില്‍ ചിലര്‍ കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനെ സന്ദര്‍ശിച്ച് എ ഗ്രൂപ്പിനെ അവഗണിച്ചതിലെ അതൃപ്തി അറിയിച്ചുകഴിഞ്ഞു. നിയമിക്കപ്പെട്ടവരെ ഒഴിവാക്കില്ളെങ്കിലും ഹൈകമാന്‍ഡിന്‍െറ തുടര്‍ച്ചയായ അവഗണനയോട് പ്രതികരിക്കാതിരുന്നിട്ട് കാര്യമില്ളെന്ന നിലപാടിലാണ് എ പക്ഷം.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നല്ലസ്വാധീനമുള്ള ഉമ്മന്‍ ചാണ്ടി പ്രതിഷേധവുമായി മുന്നോട്ടുപോയാല്‍ അത് കോണ്‍ഗ്രസിനും യു.ഡി.എഫിനും ഏറെക്ഷീണമുണ്ടാക്കും. അക്കാര്യം അറിയാവുന്ന എ പക്ഷം അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ഹൈകമാന്‍ഡ് ഇനി ഇങ്ങോട്ടുവരട്ടെയെന്ന നിലപാടിലുമാണ്.
വയനാട്ടില്‍ ഐ.എന്‍.ടി.യു.സി നേതാവായിരുന്ന പി.കെ. ഗോപാലന്‍െറ ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാലാണ് ഡല്‍ഹിക്ക് പോകാത്തതെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.