തിരുവനന്തപുരം: പോഷകാഹാരക്കുറവില്ലാത്ത കേരളം സൃഷ്ടിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് ഐക്യരാഷ്്ട്രസഭയുടെ വേൾഡ് ഫുഡ് േപ്രാഗ്രം (ഡബ്ല്യു.എഫ്.പി) സാങ്കേതികസഹായം നൽകും. ഡബ്ല്യു.എഫ്.പി നിർദേശങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ച് ആസൂത്രണ ബോർഡ് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഡബ്ല്യു.എഫ്.പി ഇന്ത്യ ഡയറക്ടർ ഡോ. ഹമീദ് നൂറു, ഉപമേധാവി ജാൻ ഡെൽഫെർ എന്നിവരുമായുള്ള ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡബ്ല്യു.എഫ്.പിയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ രണ്ടാമത്തേതായ പട്ടിണിരഹിത സംസ്ഥാനം എന്ന പരിപാടി നടപ്പാക്കുന്നതിന് കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തിൽ എല്ലാവർക്കും പോഷകാഹാരം ലഭ്യമാക്കുക എന്ന ലക്ഷ്യം നേടാൻ യു.എൻ ഏജൻസിയുമായി സഹകരിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2011-ലെ സെൻസസ് പ്രകാരം കേരളത്തിലെ സാക്ഷരതനിരക്ക് 94 ശതമാനമാണ്. തൊഴിലെടുക്കുന്ന സ്ത്രീകളുടെ ശതമാനവും കേരളത്തിൽ കൂടുതലാണ്.-35.4 ശതമാനം. സ്ത്രീകൾക്ക് കിട്ടുന്ന വേതനം മറ്റേതൊരു സംസ്ഥാനത്തെക്കാളും കുടുതലാണെന്ന് ഡോ. ഹമീദ് നൂറു പറഞ്ഞു.
രംഗരാജൻ കമ്മിറ്റി മാനദണ്ഡപ്രകാരം ഇവിടെ ദരിദ്രർ 7.3 ശതമാനമേയുള്ളൂ. ദേശീയതലത്തിൽ 31 ശതമാനമാണ് ദരിദ്രർ. അഞ്ചു വയസ്സിന് താഴെയുള്ള അഞ്ചിലൊന്ന് കുട്ടികൾക്ക് പോഷകാഹാരക്കുറവുണ്ട്. 16.1 ശതമാനം കുട്ടികൾക്ക് പ്രായത്തിനനുസരിച്ച് തൂക്കമില്ല. പ്രായത്തിനനുസരിച്ച് ഉയരമില്ലാത്ത കുട്ടികൾ 19 ശതമാനം വരും.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരമുള്ള പോഷകാഹാരം കുട്ടികൾക്ക് കിട്ടിയാലേ ഇത് പരിഹരിക്കാൻ കഴിയൂ. വിവിധ സർക്കാർ വകുപ്പുകളെയും ഏജൻസികളെയും ഏകോപിപ്പിച്ച് പോഷകാഹാരപരിപാടി നടപ്പാക്കാൻ ഡബ്ല്യു.എഫ്.പി സഹായിക്കും.
സംസ്ഥാന കോഓഡിനേറ്റർ സുനിൽ ദേവസി, ന്യൂട്രീഷൻ കോഓർഡിനേറ്റർ പി. റാഫി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.