കൊച്ചി: കേരളത്തിലെ അൺ എയ്ഡഡ് സ്കൂൾ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവകാശ പ്രകാരമുള്ള സഹായത്തിന് അർഹതയില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം തൊട്ടടുത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകൾ നിലവിലില്ലാത്ത പക്ഷം വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന അൺ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകണമെന്നാണ് വ്യവസ്ഥ.
ഇതുപ്രകാരം കേരളത്തിലെ ഒരു അൺ എയ്ഡഡ് സ്കൂൾ വിദ്യാർഥിക്കും സഹായം നൽകേണ്ടിവരില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കോവിഡ് മൂലം ഫീസ് നൽകാൻ കഴിയുന്നില്ലെന്നും ഇത് കണക്കിലെടുത്ത് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂൾ കുട്ടികളെ സർക്കാർ സഹായിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം ചളിക്കവട്ടം കെ.പി. ആൽബർട്ട് നൽകിയ ഹരജിയിലാണ് വിശദീകരണം.
ഒാൺലൈൻ ക്ലാസുകളാണ് നടത്തുന്നതെങ്കിലും സ്കൂളുകൾ സ്പെഷൽ ഫീസ് ഉൾപ്പെടെ ഈടാക്കുന്നുണ്ട്. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് എയ്ഡഡ് സ്കൂളുകളിലുൾപ്പെടെ സഹായം നൽകാൻ സർക്കാർ ബാധ്യസ്ഥരാണ്. കേന്ദ്ര സർക്കാറിനുകീഴിലെ സ്കൂളുകൾക്ക് കേന്ദ്രവും സംസ്ഥാന സർക്കാറിന് കീഴിലുള്ളതിന് സംസ്ഥാനവുമാണ് സഹായം നൽകേണ്ടതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാനെത്ത 14,000 സ്കൂളുകളിൽ 10,000ലേറെയും സർക്കാർ, എയ്ഡഡ് മേഖലയിലാണ്. ഒരു വില്ലേജിൽ ഒരു സർക്കാർ, എയ്ഡഡ് സ്കൂൾ വീതമെങ്കിലുമുണ്ട്.
നടന്നുപോകാവുന്ന ദൂരത്തിൽ ഈ സ്കൂളുകൾ ഉണ്ടെന്നിരിക്കെ അൺ എയ്ഡഡ് സ്കൂളുകളെ ആശ്രയിക്കേണ്ടതില്ലെന്നും അത്തരം വിദ്യാർഥികൾക്ക് സഹായം നൽകാൻ ബാധ്യതയില്ലെന്നും സർക്കാർ വ്യക്തമാക്കി. ഹരജി കോടതി വ്യാഴാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.