തിരുവനന്തപുരം: വസ്തുകൈമാറ്റം രജിസ്റ്റർ ചെയ്തശേഷം അണ്ടർ വാല്വേഷൻ നടപടികളിലൂടെ രജിസ്േട്രഷൻ വകുപ്പ് ഭൂവുടമകളെ കൊള്ളയടിക്കുന്നതായി പരാതി. ഒരു വർഷത്തിനുള്ളിൽ ഏകദേശം 350 കോടിയിലേറെ രൂപക്ക് രജിസ്േട്രഷൻ വകുപ്പ് ഇത്തരം നോട്ടിസ് അയച്ചതായാണ് കണക്ക്. ഇടനിലക്കാരില്ലാതെ സബ് രജിസ്ട്രാർ ഒാഫിസിൽ നേരിട്ട് പ്രമാണം രജിസ്റ്റർ ചെയ്ത ആധാരങ്ങൾക്കാണ് കൂടുതലായി നോട്ടീസ് ലഭിച്ചിട്ടുള്ളതെന്നാണ് സൂചന. രജിസ്റ്ററിങ് ഉദ്യോഗസ്ഥർതന്നെ വിലനിശ്ചയിച്ചാണ് ഇത്തരത്തിൽ ഭൂവുടമകളെ പിഴിയുന്നത്.
ഭൂമിക്ക് സർക്കാർ നിശ്ചയിച്ച ന്യായവില പ്രകാരം രജിസ്റ്റർ ചെയ്ത ആധാരങ്ങൾക്കാണ് ഒരു മാനദണ്ഡവുമില്ലാതെ രജിസ്റ്ററിങ് വില നിശ്ചയിച്ച് നോട്ടീസ് അയക്കുന്നത്. ഇത്തരത്തിൽ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും രജിസ്േട്രഷൻ ഫീസിനത്തിലും വൻ തുകകളാണ് രജിസ്റ്റർ ചെയ്ത ആധാരങ്ങൾക്കുമേൽ നിശ്ചയിച്ചിരിക്കുന്നത്. 2010 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ന്യായവില 2014 നവംബറിൽ 50 ശതമാനം വർധിപ്പിച്ചിരുന്നു. 2016 ജൂലൈയിൽ വിലയാധാരങ്ങൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി ആറ് ശതമാനത്തിൽ നിന്നും എട്ടാക്കിയും വർധിപ്പിച്ചിരുന്നു.
നിലവിലെ ന്യായവില രജിസ്റ്ററിൽ സർവേ നമ്പറുകൾക്ക് ശരിയായ ക്ലാസിഫിക്കേഷനിൽ വില നിർണയിക്കാത്തത് വരുമാന നഷ്ടത്തിന് ഇടയാക്കുന്നതായും അതിനാൽ വില കുറവെന്ന് ബോധ്യമുള്ള ആധാരങ്ങൾക്ക് അണ്ടർ വാല്വേഷൻ നോട്ടീസ് അയക്കണമെന്നും കാട്ടി വകുപ്പ് ആസ്ഥാനത്തുനിന്നും നൽകിയ സർക്കുലറിെൻറ ചുവടുപിടിച്ചാണ് ഉദ്യോഗസ്ഥർ അണ്ടർ വാല്വേഷൻ നടപടി സ്വീകരിക്കുന്നത്. സബ് രജിസ്ട്രാർ ഓഫിസുകൾ അഴിമതിരഹിതമാക്കുന്നതിനുവേണ്ടി ചില ആധാരമെഴുത്ത് സംഘടനകൾ ഓഫിസുകളിലേക്ക് ആധാര രജിസ്േട്രഷന് പോകുന്നതും കൈമടക്കു നൽകുന്നതും ഒഴിവാക്കിയേത്ര. ഇതിനെത്തുടർന്ന് കൈക്കൂലി നൽകാത്ത ആധാരങ്ങൾക്ക് അണ്ടർ വാല്വേഷൻ നോട്ടീസ് അയക്കാൻ ഒരുവിഭാഗം രജിസ്റ്ററിങ് ഉദ്യോഗസ്ഥർ രഹസ്യ തീരുമാനമെടുത്തതായും അറിയുന്നു.
ന്യായവില പട്ടികയെക്കുറിച്ച് വ്യാപക പരാതികളാണുള്ളത്. തങ്ങൾ തയാറാക്കിയ പട്ടികയുടെ ഗുണഭോക്താവ് രജിസ്േട്രഷൻ വകുപ്പ് ആയതുകൊണ്ടാണ് അപാകത പരിഹരിക്കാൻ റവന്യൂ വകുപ്പ് തയാറാകാത്തതെന്നാണ് ആക്ഷേപം. സ്വകാര്യ ഭൂമികൾ സർക്കാർ വകയെന്ന് രേഖപ്പെടുത്തിയിരിക്കുന്നതും വസ്തുക്കൾക്ക് വില ഉൾപ്പെടാതെ പട്ടികയിൽനിന്ന് സർവേ നമ്പറുകൾ അപ്രത്യക്ഷമായതും ക്ലാസിഫിക്കേഷൻ അനുസരിച്ച് വില നിർണയിക്കാത്തതും പരിഹരിച്ചിട്ടില്ല.
ഭൂമി പണയപ്പെടുത്തി വായ്പ എടുക്കുമ്പോൾ ആധാരവും ഭൂമിസംബന്ധമായ രേഖകളും നൽകുന്നതിനൊപ്പം സബ് രജിസ്ട്രാർ ഒാഫിസിൽനിന്ന് അണ്ടർ വാല്വേഷൻ നടപടികളിലൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്ന സർട്ടിഫിക്കറ്റ് കൂടി ഇപ്പോൾ നൽകണം. അണ്ടർ വാല്വേഷൻ നടപടിയിൽപ്പെട്ട വസ്തു കൈമാറ്റം രജിസ്േട്രഷൻ നടത്തുന്നത് നിഷേധിക്കുന്ന രജിസ്റ്ററിങ് ഉദ്യോഗസ്ഥരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.