തൃശൂർ: ഏകീകൃത തദ്ദേശവകുപ്പ് യാഥാർഥ്യമാകുന്നത് സംബന്ധിച്ച് ഉത്തരവുകളേറെ ഇറങ്ങുന്നുണ്ടെങ്കിലും ജീവനക്കാർക്ക് ആശങ്ക മാത്രം ബാക്കി. വകുപ്പിന്റെ തലവൻ പ്രിൻസിപ്പൽ ഡയറക്ടറും ജില്ല മേധാവി ജോയന്റ് ഡയറക്ടറായും നിശ്ചയിക്കപ്പെട്ട ഉത്തരവാണ് കഴിഞ്ഞ ദിവസം ഇറങ്ങിയത്.
എന്നാൽ പഞ്ചായത്ത് വകുപ്പ്, ഗ്രാമവികസന വകുപ്പ്, ടൗൺപ്ലാനിങ്, എൽ.എസ്.ജി.ഡി എൻജിനീയറിങ് വകുപ്പുകൾ സംയോജിപ്പിച്ച് ഏകീകൃത തദ്ദേശവകുപ്പ് ആകുമ്പോൾ ഒരൊറ്റകെട്ടിടത്തിൽ പ്രവർത്തിക്കാൻ സൗകര്യമൊരുക്കണമെന്ന ആദ്യഘട്ടങ്ങളിലിറങ്ങിയ നിർദേശം പോലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും ഒരേ ജില്ലയിൽ തന്നെ വിവിധ കെട്ടിടങ്ങളിൽ വിവിധ ഇടങ്ങളിലാണ് ഏകീകൃത തദ്ദേശവകുപ്പിന്റെ പ്രവർത്തനം.
ഉദ്യോഗക്കയറ്റ സാധ്യതകൾ ഇല്ലാതാവില്ല എന്ന സർക്കാറിന്റെ ഉറപ്പുമാത്രമാണ് ഈ ആശങ്കക്കിടയിലും ജീവനക്കാർക്കുള്ള ആശ്വാസം. എന്നാൽ പഞ്ചായത്ത് ജീവനക്കാരെ ദോഷകരമായി ബാധിക്കുന്നതാണ് ഏകീകരണമെന്നും പഞ്ചായത്തുകൾ അഭിമുഖീകരിക്കുന്ന ഗൗരവമേറിയ വിഷയങ്ങളെ അവഗണിച്ചുവെന്നുമുള്ള ആരോപണം വകുപ്പിനുള്ളിൽ ശക്തമാണ്. സെക്രട്ടറി തസ്തികയുടെ 40 ശതമാനം നേരിട്ടുള്ള നിയമനമാണെന്ന പ്രഖ്യാപനമാണ് എതിർപ്പിന്റെ ഒരു ഘടകം.
പാർട് ടൈം ജീവനക്കാർ മുതൽ അസിസ്റ്റന്റ് സെക്രട്ടറി വരെയുള്ള ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെ ഇത് ദോഷകരമായി ബാധിക്കും. 40 ശതമാനം നേരിട്ട് നിയമനം എന്ന് പറഞ്ഞ ശേഷം തൊട്ട് താഴെ സർവിസിൽ നിലവിലുള്ള സ്ഥാനക്കയറ്റ സാധ്യത തുടരുമെന്ന് പറയുന്നതിലെ വൈരുദ്ധ്യം ഇവർ ചൂണ്ടിക്കാട്ടുന്നു. ധനകാര്യ പ്രൻസിപ്പൽ സെക്രട്ടറിയടക്കമുള്ള ഗവൺമെന്റ് സെക്രട്ടറിമാരുടെ വിദഗ്ധ സമിതി 2012ൽ ശിപാർശ ചെയ്ത 5000 അടിയന്തര തസ്തികകളിൽ 2000 തസ്തിക മാത്രമാണ് പഞ്ചായത്തുകൾക്കായി അനുവദിച്ചത്.
2016ന് ശേഷം ഒരു തസ്തിക പോലും അനുവദിച്ചിട്ടില്ല. ഈ വിഷയങ്ങൾ ഏകീകൃത ഉത്തരവിൽ പരിഗണിക്കപ്പെട്ടില്ലെന്നാണ് ആരോപണം.കരാർ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ നിബന്ധനകൾക്ക് വിധേയമായി പുതിയ സംവിധാനത്തിലും തുടരുമെന്ന് സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.