ഏക സിവില്‍ കോഡ്: സി.പി.എമ്മിനും ബി.ജെ.പിക്കും വർഗീയ അജണ്ട -വി.ഡി. സതീശൻ

കോഴിക്കോട്: ഏക സിവില്‍ കോഡില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും വർഗീയ അജണ്ടയെന്ന് വി.ഡി. സതീശൻ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക സിവില്‍ കോഡില്‍ വൈകിയാണ് കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞതെന്നത് സി.പി.എം പ്രചാരണമാണ്. ഭോപാലിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ഏക സിവില്‍ കോഡിനെതിരായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ലമെന്ററി സമിതിയിലും കോണ്‍ഗ്രസാണ് എതിർത്തത്. ബി.ജെ.പിയുടെ കെണിയില്‍ വീഴാന്‍ തയാറല്ലെന്നും മുസ്‍ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നുമാണ് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാട്. അതുകൊണ്ടാണ് തെരുവില്‍ ഇറങ്ങേണ്ടെന്ന് തീരുമാനിച്ചത്. ഇപ്പോഴും വ്യക്തതയില്ലാത്തത് സി.പി.എമ്മിനാണ്. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് പറഞ്ഞത് ഇ.എം.എസാണ്. അതു നടപ്പാക്കാന്‍ വേണ്ടി ജനാധിപത്യ മഹിള അസോസിയേഷനോട് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താന്‍ പറഞ്ഞതും അദ്ദേഹമാണ്. നയരേഖയില്‍ മാറ്റം വരുത്തിയെന്നും ഇ.എം.എസിന്റെ അഭിപ്രായമല്ല ഇപ്പോള്‍ പാര്‍ട്ടിക്കുള്ളതെന്നും അദ്ദേഹത്തെ തള്ളിപ്പറയുകയാണെന്നും തുറന്നുപറയാന്‍ എം.വി. ഗോവിന്ദന് ധൈര്യമുണ്ടോയെന്നും സതീശൻ ചോദിച്ചു.

നിയമസഭ കൈയാങ്കളി കേസില്‍ വിചാരണ നടന്നാല്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ശിക്ഷിക്കപ്പെടും. അതുകൊണ്ടാണ് കേസ് പരമാവധി നീട്ടാന്‍ ശ്രമിക്കുന്നത്. സ്റ്റേറ്റിന് വേണ്ടി ഹാജരാകേണ്ട പ്രോസിക്യൂഷനെ വരെ സർക്കാർ ദുര്‍ബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരായ വേട്ടയാണ് സംസ്ഥാനത്ത് നടക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും കാണാത്ത തരത്തില്‍ എതിര്‍ക്കുന്നവരെയൊക്കെ അടിച്ചൊതുക്കുമെന്ന് ഒരു സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഏകാധിപത്യത്തിന്റെ നാളുകളിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - Uniform Civil Code: CPM and BJP's Communal Agenda -V.D. Satheeshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.