കോഴിക്കോട്: ഏക സിവിൽ കോഡിതിനെതിരെയുള്ള കേരള ജനതയുടെ ചെറുത്തുനിൽപ്പാണ് സി.പി.എം സെമിനാെറന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാജ്യത്തെ വർഗീയവൽക്കരിക്കാനുള്ള ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണ് ഏക സിവിൽ കോഡ്. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമം മാത്രമാണിതിലൂടെ ലക്ഷ്യമിടുന്നത്. ഏക സിവിൽകോഡിനെതിരായ സി.പി.എം ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക സിവിൽ കോഡിനെ ഒരു മാധ്യമമാക്കി ഉപയോഗിച്ച് ആർ.എസ്.എസിെൻറ നൂറാം വാർഷികമാകുമ്പോഴേക്ക് ഇന്ത്യയെ വർഗീയ രാജ്യമാക്കി മാറ്റാനുള്ള ബോധപൂർവമായ ശ്രമമാണിപ്പോൾ നടക്കുന്നത്. ചാതുർവർണ്യ വ്യവസ്ഥയിലേക്ക് രാജ്യത്തെ തിരിച്ചു കൊണ്ടു പോകാനുള്ള നീക്കമാണിതിനു പിന്നിൽ. മനുസ്മൃതി അടിസ്ഥാനപ്പെടുത്തി രാജ്യത്തിെൻറ ഭരണഘടന രൂപീകരിക്കാനുമാണ് സിവിൽ കോഡിലൂടെ ബി.ജെ.പി ശ്രമിക്കുന്നത്. ഫാഷിസത്തിലേക്കുള്ള യാത്രയാണ് ഏകീകൃത സിവിൽ കോഡെന്നും ഗോവിന്ദൻ പറഞ്ഞു. നേരത്തെ സെമിനാർ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.
രാജ്യത്തിെൻറ വൈവിധ്യ സംരക്ഷണത്തിനാണ് ഭരണഘടന ഊന്നൽ നൽകുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്ത് വൈവിധ്യം നിലനിൽക്കണം. ഇപ്പോൾ ഏക സിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്നത് രാജ്യത്തെ ധ്രുവീകരിക്കാനാണ്. രാജ്യത്തിെൻറ ബഹുസ്വരത നിലനിൽക്കണം. ഏക സിവിൽകോഡിന് പിന്നിൽ പ്രത്യേക അജണ്ട ഒളിഞ്ഞിരിക്കുന്നുവെന്നത് വ്യക്തമാണ്. നിലവിലെ സർക്കാറിന് ഏക സിവിൽകോഡ് എന്നത് കൃത്യമായ രാഷ്്ട്രീയ പദ്ധതിയാണെന്നും യെച്ചൂരി പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ട് ഹിന്ദു-മുസ്‍ലീം ഭിന്നത വർധിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും യെച്ചൂരി പറഞ്ഞു.
നമ്മുടെ രാജ്യത്ത് വ്യത്യസ്ത വിഭാഗങ്ങളിൽ വിവിധ ആചാരങ്ങൾ നിലനിൽക്കുന്നുണ്ട്. ആന്ധ്രാ പ്രദേശിലെ ഒരു ആദിവാസി വിഭാഗത്തിനിടയിൽ അഞ്ച് പേരെ വിവാഹം ചെയ്യാൻ സ്ത്രീക്ക് അവകാശമുണ്ട്. അത്, മഹാഭാരതത്തിലെ പഞ്ചാലിയെപ്പോലെയാണെന്ന് പറയാം. ഹിന്ദു സമൂഹത്തിൽ തന്നെ ഇത്തരത്തിൽ വ്യത്യസ്‍തമായ ആചാരങ്ങളുണ്ട്. ജാതിയേതര വിവാഹം നടത്തുന്നവരെ കൊലപ്പെടുത്തുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധിയായ പ്രശ്നങ്ങൾ നമുക്ക് മുൻപിലുണ്ട്. ഈ സാഹചര്യത്തിലൂടെ ഏക സിവിൽ കോഡ് വിവാദത്തിലൂടെ ഏകീകരണ ലക്ഷ്യമല്ല ഉള്ളത്. എല്ലാ അർത്ഥത്തിലും ഭിന്നിപ്പിക്കാൻ മാത്രമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.