ഏക സിവിൽ കോഡ് വർഗീയ ധ്രുവീകരണ ആയുധം -യെച്ചൂരി

കോഴിക്കോട്: വർഗീയ ധ്രുവീകരണവും സാമുദായിക ഭിന്നതയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ആയുധമായാണ് കേന്ദ്രസർക്കാർ ഏക സിവിൽ കോഡിനെ ഉപയോഗിക്കുന്നതെന്ന് സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി. ഏക സിവിൽ കോഡിനെതിരെ കോഴിക്കോട്ട് സംഘടിപ്പിച്ച ജനകീയ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വീട്ടിൽ രണ്ട് നിയമം പാടില്ലെന്ന് പ്രധാനമന്ത്രി പറയുന്നത് ധ്രുവീകരണവും തെരഞ്ഞെടുപ്പ് നേട്ടവും ലക്ഷ്യമിട്ടാണ്. തെരഞ്ഞെടുപ്പ് പ്രശ്നം മാത്രമായി സിവിൽ കോഡിനെ കാണരുത്.

രാജ്യത്തിന്റെ മതനിരപേക്ഷതയും സാമ്പത്തിക പരമാധികാരവും സാമൂഹിക നീതിയും ഫെഡറലിസവും ജനാധിപത്യമൂല്യങ്ങളുമെല്ലാം തകർക്കുന്ന ഒന്നാണിത്. അതിനാൽ തന്നെ യോജിച്ച പോരാട്ടം അനിവാര്യമാണ്. ധ്രുവീകരണമടക്കം ചില മതങ്ങളെ ലക്ഷ്യമിട്ട് നേരേത്ത ലവ് ജിഹാദ് തടയൽ നിയമം, വ്യത്യസ്ത മതവിഭാഗങ്ങൾ തമ്മിലെ വിവാഹം തടയൽ നിയമം, ജാതിരഹിത വിവാഹം തടയൽ നിയമം, ഗോസംരക്ഷണ നിയമം, പൗരത്വ നിയമ ഭേദഗതി, 370ാം വകുപ്പ് എടുത്തുകളയൽ അടക്കമുള്ള നിയമങ്ങൾ കൊണ്ടുവന്നു. ഇതിൽ അവസാനത്തേതാണ് ഏക സിവിൽ കോഡ്. എക സിവിൽ കോഡിൽനിന്ന് ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കണമെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെടുകയും അത് അംഗീകരിക്കപ്പെട്ടെന്ന് അദ്ദേഹം തന്നെ മാധ്യമങ്ങളോട് പറയുകയും ചെയ്തു.

ക്രൈസ്തവരെയും ചില ഗോത്രവിഭാഗങ്ങളെയും ഒഴിവാക്കിയതായും പറയപ്പെടുന്നു. സിക്ക്, പാഴ്സി വിഭാഗങ്ങളെ ഒഴിവാക്കാനും ആവശ്യമുണ്ട്. ഗോവയിൽ സിവിൽ കോഡിന്റെ ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി തന്നെ പറയുന്നു. ഇങ്ങനെയൊക്കെയാണെങ്കിൽ പിന്നെ ആർക്കുവേണ്ടിയാണ് സിവിൽ കോഡ് എന്നും യെച്ചൂരി ചോദിച്ചു. ഓരോ സമുദായത്തിനും അവരുടെ വ്യക്തിനിയമങ്ങളിൽ എന്തെങ്കിലും മാറ്റംവേണമെന്ന് തോന്നുന്നപക്ഷം ആ സമുദായത്തിനുള്ളിൽനിന്ന് പരിഷ്‍കരണ നടപടികൾ തുടങ്ങുകയാണ് വേണ്ടത്. പുറത്തുനിന്ന് അടിച്ചേൽപിക്കരുത്. ഇതാണ് സി.പി.എമ്മിന്റെ നിലപാട്. ലിംഗനീതി ഉൾപ്പെടെയുള്ള സമത്വത്തിന് പിന്തുണ നൽകുന്നവരാണ് ഞങ്ങൾ.

എന്നാൽ ഏതെങ്കിലും വിഭാഗത്തിലോ സമൂഹത്തിലോ ആചാരാനുഷ്ഠാനങ്ങൾ ഉൾപ്പെടെ പരിഷ്‍കരിക്കണമെങ്കിൽ എല്ലാവരുടെയും അഭിപ്രായം കേട്ട് ചർച്ച നടത്തി ജനാധിപത്യപരമായ പ്രക്രിയകൾ പൂർത്തീകരിച്ചുമാത്രമേ കാര്യങ്ങൾ ചെയ്യാവൂ എന്നും അദ്ദേഹം പറഞ്ഞു. സീതാറാം യെച്ചൂരിയുടെ പ്രസംഗം എളമരം കരീം എം.പി പരിഭാഷപ്പെടുത്തി. സ്വാഗതസംഘം ചെയർമാൻ കെ.പി. രാമനുണ്ണി അധ്യക്ഷതവഹിച്ചു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ഇ.കെ. വിജയൻ എം.എൽ.എ, കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ. മാണി, എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എ.കെ.ശശീന്ദ്രൻ, ഐ.എൻ.എൽ നേതാവ് പ്രഫ. എ.പി. അബ്ദുൽ വഹാബ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി മുക്കം ഉമർ ഫൈസി, കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മുഹമ്മദ് ഫൈസി, കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, മർക്കസുദ്ദഅ്‍വ ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി, എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ, ടി.കെ. അഷ്റഫ് (വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ), ഫാ. ജോസഫ് കളരിക്കൽ (താമരശ്ശേരി രൂപത), ഫാ. ജൻസൺ പുത്തൻവീട്ടിൽ (കോഴിക്കോട് രൂപത), ഫാ. ഡോ. ടി.ഐ. ജെയിംസ് (സി.എസ്.ഐ), സന്തോഷ് അരയക്കണ്ടി (എസ്.എൻ.ഡി.പി), ഒ.ആർ. കേളു എം.എൽ.എ (ആദിവാസി ക്ഷേമസമിതി), പുന്നല ശ്രീകുമാർ (കെ.പി.എം.എസ് ജനറൽ സെക്രട്ടറി), അഡ്വ. കെ. സോമപ്രസാദ് (പി.കെ.എസ് പ്രസി), വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി എന്നിവർ സംസാരിച്ചു. പരിപാടിയുടെ ജനറൽ കൺവീനർ പി. മോഹനൻ സ്വാഗതം പറഞ്ഞു.

Tags:    
News Summary - Uniform Civil Code CPM Seminar Sitaram Yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.