കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭീഷണിയാകുന്ന ഏക സിവിൽ കോഡിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോൾ കേരളത്തിൽ ഇതുസംബന്ധിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിൽ സംഘടനകൾക്കിടയിൽ വിവാദം കത്തുന്നു. കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും മറികടന്ന് വിഷയത്തിൽ സെമിനാർ പ്രഖ്യാപിച്ച് സി.പി.എമ്മാണ് സംഘടനകളെ വെട്ടിലാക്കിയത്. വിവാദം തങ്ങളുടെ രാഷ്ട്രീയ അജണ്ടയുടെ വിജയമായാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തൽ. മുസ്ലിം ലീഗിൽ ആശയക്കുഴപ്പമുണ്ടാക്കാനും സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത അധ്യക്ഷനെക്കൊണ്ട് പ്രഖ്യാപിക്കാനുമായി.
ജൂലൈ 15ന് കോഴിക്കോട് സംഘടിപ്പിക്കുന്ന എൽ.ഡി.എഫ് സെമിനാറിൽ കോൺഗ്രസിനെ തഴയുകയും മുസ്ലിം ലീഗിനെ ക്ഷണിക്കുകയും ചെയ്തതോടെയാണ് വിവാദം ഉടലെടുത്തത്. സി.പി.എമ്മിന്റെ രാഷ്ട്രീയ തന്ത്രം വ്യക്തമായിട്ടും പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കാനാകാത്ത ലീഗ് നേതൃത്വത്തിന്റെ നിലപാടിൽ ഒരുവിഭാഗം നേതാക്കളും ഭൂരിഭാഗം പ്രവർത്തകരും അതൃപ്തരാണ്. വഖഫ് ബോർഡ് വിഷയത്തിലെന്നപോലെ, സാദിഖലി തങ്ങൾ വിളിച്ച മുസ്ലിം കോഓഡിനേഷൻ കമ്മിറ്റിയുടെ പൊതുവികാരത്തിന് വിരുദ്ധമായി സി.പി.എം സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രഖ്യാപനം കൂടി വന്നതോടെ ലീഗ് നേതൃത്വത്തിന് സമ്മർദമേറി. തുടർന്നാണ് ഞായറാഴ്ച പാണക്കാട് ഇതുസംബന്ധിച്ച് യോഗം ചേരാൻ തീരുമാനിച്ചത്. യു.ഡി.എഫ് യോഗത്തിനുശേഷം തീരുമാനം പറയുമെന്നായിരുന്നു നേരത്തേ നേതാക്കൾ പറഞ്ഞിരുന്നത്.
കോൺഗ്രസിനെ സെമിനാറിൽ പങ്കെടുപ്പിക്കില്ലെന്ന് സി.പി.എം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടും യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗ് നേതൃത്വം വിഷയത്തിൽ ഉറച്ച നിലപാട് സ്വീകരിക്കാത്തതിൽ കോൺഗ്രസ് നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്.
സി.പി.എമ്മിന്റെ രാഷ്ട്രീയ അജണ്ടക്കെതിരെ മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ ശക്തമായി പ്രതികരിച്ചപ്പോൾ ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജന. സെക്രട്ടറി പി.എം.എ. സലാമും സി.പി.എമ്മിനോട് മൃദുസമീപനം പുലർത്തുന്നതിൽ അണികളിലും ആശയക്കുഴപ്പമുണ്ട്. അതേസമയം, ദേശീയ പ്രാധാന്യമുള്ള ഏക സിവിൽ കോഡ് വിഷയത്തിൽ ദേശീയ നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞ അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നതായി ലീഗ് നിയമസഭ കക്ഷി ഉപനേതാവ് ഡോ. എം.കെ. മുനീർ ‘മാധ്യമ’ത്തോട് പറഞ്ഞു. സി.പി.എമ്മിനോടുള്ള പാർട്ടി നിലപാടിൽ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശരീഅത്ത് വിഷയത്തിൽ ഇ.എം.എസ് അടക്കമുള്ള നേതാക്കൾ ഏക സിവിൽകോഡിനെ ശക്തമായി അനുകൂലിച്ചതടക്കമുള്ള വിമർശനങ്ങൾ ലീഗ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഉയർത്തുമ്പോൾ സി.പി.എം സെമിനാറിൽ പങ്കെടുക്കുന്നതു സംബന്ധിച്ച് ഉറച്ച തീരുമാനമുണ്ടാകാത്തതിലാണ് പ്രവർത്തകരുടെ അതൃപ്തി. തുടക്കത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ പ്രസ്താവന ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും സി.പി.എം അജണ്ട തിരിച്ചറിഞ്ഞ കോൺഗ്രസ് വിഷയത്തിൽ പിന്നീട് ശക്തമായ നിലപാട് സ്വീകരിച്ചു. എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി. വേണുഗോപാൽ മുസ്ലിം സംഘടനകളുടെ നേതൃത്വവുമായി സംസാരിച്ച് നിലപാട് വ്യക്തമാക്കുകയും പാർട്ടി കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ സെമിനാർ പ്രഖ്യാപിക്കുകയും ചെയ്തു. യു.ഡി.എഫ് ശക്തിപ്പെടുത്തണമെന്ന് പറയുമ്പോഴും കോൺഗ്രസിനെ വിശ്വാസത്തിലെടുക്കാതെയുള്ള ലീഗ് നിലപാട് യു.ഡി.എഫിന്റെ അടിത്തറ ഇളക്കുമെന്ന വികാരം കോൺഗ്രസിനകത്തും ലീഗിനകത്തുമുണ്ട്.
വഖഫ് ബോർഡ് വിഷയത്തിൽ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് സമസ്തയുടെ ഭാഗത്തുനിന്ന് ഏക സിവിൽകോഡ് വിഷയത്തിലുണ്ടായത്. അന്ന് മുസ്ലിം കോഓഡിനേഷൻ കമ്മിറ്റിയിൽ എടുത്ത തീരുമാനത്തിൽനിന്ന് വിരുദ്ധമായാണ് സമസ്തയുടെ പിന്മാറ്റം.
ഏക സിവിൽകോഡുമായി ബന്ധപ്പെട്ട് സാദിഖലി തങ്ങൾ കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് വിളിച്ച മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി യോഗത്തിൽ സമസ്ത നേതാക്കളായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ എന്നിവർ പങ്കെടുത്തിരുന്നു. എല്ലാവരെയും പങ്കെടുപ്പിക്കാതെ, രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി സംഘടിപ്പിക്കുന്ന യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നായിരുന്നു യോഗത്തിൽ ഇവരടക്കം അഭിപ്രായപ്പെട്ടത്. ഇതിന് വിരുദ്ധമായാണ് ഇപ്പോൾ സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളുടെ പ്രഖ്യാപനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.