കോഴിക്കോട്: ഏക സിവിൽ കോഡ്: ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങൾ എന്ന തലക്കെട്ടിൽ മുസ്ലിം കോഓഡിനേഷൻ കമ്മിറ്റിയുടെ ബഹുജന സെമിനാർ ബുധനാഴ്ച. വൈകീട്ട് നാലിന് കോഴിക്കോട് അബ്ദുറഹ്‌മാൻ സാഹിബ് മെമ്മോറിയൽ കണ്ടംകുളം ജൂബിലി ഹാളിൽ പ്രമുഖ നിയമജ്ഞനും ഡി.എം.കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ അഡ്വ. മാ സുബ്രഹ്‌മണ്യൻ ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും.
പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളും മുഴുവൻ മുസ്ലിം സംഘടനകളും ഒരു കുടക്കീഴിൽ അണിനിരക്കുന്നതിനൊപ്പം, കോൺഗ്രസ്, മുസ്ലിം ലീഗ്, സി.പി.എം, സി.പി.ഐ തുടങ്ങിയ സംഘടനകളുടെ സാന്നിധ്യമുണ്ടാകുമെന്നതാണ് സെമിനാറിനെ സവിശേഷമാക്കുന്നത്.
ഏക സിവിൽ കോഡ് സെമിനാറിനൊപ്പം സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യസംഗമം ഫാഷിസ്റ്റ് ഭീഷണിക്കെതിരെ ന്യൂനപക്ഷ വിഭാഗങ്ങൾ ഐക്യപ്പെടുന്നതിന്‍റെ സന്ദേശം ദേശീയതലത്തിൽ പ്രസരിപ്പിക്കും.
ജൂലൈ നാലിന് കോഴിക്കോട് ചേർന്ന മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി യോഗമാണ് ഏക സിവിൽ കോഡ് വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. കേന്ദ്രസർക്കാറിന്‍റെ ധ്രുവീകരണ അജണ്ടയിൽ വീഴരുതെന്ന് വിലയിരുത്തിയ യോഗം, ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന മുഴുവൻ സംഘടനകളും ഒരുമിച്ചാണ് കേന്ദ്രഭീഷണിയെ ചെറുക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് മുഴുവൻ സംഘടനകളെയും സെമിനാറിലേക്ക് ക്ഷണിച്ചത്. കഴിഞ്ഞ ജൂലൈ 15ന് സി.പി.എം സംഘടിപ്പിച്ച ഏക സിവിൽ കോഡ് സെമിനാറിൽ കോൺഗ്രസിനെയും മുസ്ലിം സംഘടനകളിൽനിന്ന് ജമാഅത്തെ ഇസ്ലാമിയെയും ക്ഷണിച്ചിരുന്നില്ല.
മുസ്ലിം ലീഗിനെ ക്ഷണിച്ചെങ്കിലും കോൺഗ്രസ് ഇല്ലാതെ സംഘടിപ്പിച്ച സെമിനാറിന് പിന്നിൽ രാഷ്ട്രീയ അജണ്ടയാണെന്ന് കുറ്റപ്പെടുത്തി അവർ പങ്കെടുത്തില്ല. എന്നാൽ, മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ ചെയർമാനായ മുസ്ലിം കോഓഡിനേഷൻ കമ്മിറ്റിയുടെ സെമിനാറിൽ സി.പി.എമ്മിനെയും ക്ഷണിച്ചു. പങ്കെടുക്കുമെന്ന് ജില്ല സെക്രട്ടറി പി. മോഹനൻ മാസ്റ്റർ വ്യക്തമാക്കിയിട്ടുമുണ്ട്.
ക്രൈസ്തവസഭ പ്രതിനിധികളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഏക സിവിൽ കോഡ് അജണ്ടയിലൂടെ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന കേന്ദ്രസർക്കാറിനെതിരെ മുഴുവൻ സംഘടനകളും വിഭാഗങ്ങളും അണിനിരക്കുന്ന രാജ്യത്തെ ആദ്യ കൂട്ടായ്മയായി സെമിനാർ മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.