ന്യൂഡൽഹി: നിർദിഷ്ട സിൽവർ ലൈൻ റെയിൽപാതയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കൈമാറിയ സുപ്രധാന വിവരങ്ങൾ വെറും ഊഹക്കണക്ക് മാത്രമാണെന്നും, വ്യക്തമായ പുനഃപരിശോധന ആവശ്യമുണ്ടെന്നും റെയിൽവേ. പദ്ധതിച്ചെലവ്, യാത്രക്കാരുടെ എണ്ണം, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയൊന്നും യുക്തിസഹമല്ല. ധനസമാഹരണ, വായ്പകാര്യങ്ങളിലും സംസ്ഥാന സർക്കാറിൽനിന്ന് കണിശമായ ഉറപ്പ് ലഭിക്കേണ്ടതുണ്ടെന്നും റെയിൽവേ വ്യക്തമാക്കി.
റെയിൽവേ ബോർഡ് ചെയർമാനും സി.ഇ.ഒയുമായ സുനീത് ശർമ, സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയി എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞമാസം നടന്ന ഉന്നതതല യോഗത്തിന്റെ മിനുട്സിൽ ഇക്കാര്യങ്ങൾ റെയിൽവേ രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ ആറിനു നടന്നതും 23ന് അംഗീകരിച്ചതുമായ റെയിൽവേ മിനുട്സിലെ വിശദാംശങ്ങൾ ഇവയാണ്:
2020 മാർച്ചിൽ തയാറാക്കിയതാണ് പദ്ധതിച്ചെലവ് കണക്ക്. അത് പുതുക്കേണ്ടി വരും. പ്രതിദിനം 79,000 പേർ പാതയിലൂടെ സഞ്ചരിക്കുമെന്ന് പറയുന്നത് പ്രത്യാശ മാത്രമാണ്. ഈ കണക്കും പ്രായോഗികമായി പുനഃപരിശോധിക്കണം. വിട്ടുകൊടുക്കുന്ന ഭൂമിയല്ലാതെ പണമായി റെയിൽവേ ഒന്നും നൽകില്ല. നികുതി ബാധ്യത ജി.എസ്.ടി കൗൺസിലും ധനമന്ത്രാലയവും ചർച്ചചെയ്യേണ്ടതുണ്ട്. പുറംവായ്പക്ക് സംസ്ഥാന സർക്കാർ നൽകുമെന്നു പറയുന്ന ഗാരണ്ടി ഉറപ്പാക്കണം. വായ്പയിൽ വ്യക്തത വേണം. അർധ അതിവേഗ പാത നിർമിക്കുന്നതു കൊണ്ടുള്ള സാമ്പത്തിക നേട്ടം എന്താണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണം. സിൽവർ ലൈൻ വരുമ്പോൾ ഇന്ത്യൻ റെയിൽവേക്ക് ഉണ്ടാകുന്ന വരുമാന നഷ്ടവും പരിശോധിക്കണം.റെയിൽവേ വിട്ടുകൊടുക്കേണ്ടി വരുന്ന ഭൂമി, അലൈൻമെന്റ്, റെയിൽപാതയിലെ ക്രോസിങ് തുടങ്ങിയ കാര്യങ്ങളിൽ സംയുക്ത പരിശോധന വേണമെന്ന് അടിസ്ഥാന സൗകര്യ വിഭാഗം മെമ്പർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.