തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച യൂനിറ്റി മാൾ കഴക്കൂട്ടത്ത് സ്ഥാപിക്കും. പദ്ധതി രേഖ സംസ്ഥാനം അംഗീകരിച്ചു. 120 കോടി രൂപ കേന്ദ്ര സഹായം ലഭിക്കും. കഴക്കൂട്ടം പള്ളിപ്പുറത്ത് ടെക്നോപാർക്ക് നാലാം ഘട്ടത്തിൽനിന്ന് രണ്ടര ഏക്കർ ഭൂമി മാളിനായി കൈമാറും. ഐ.ടി വകുപ്പിന്റെ കൈവശമുള്ള ഭൂമി കിൻഫ്രക്ക് 60 വർഷത്തേക്ക് പാട്ടത്തിന് നൽകും.
യൂനിറ്റി മാളിന്റെ ഭരണചുമതല വ്യവസായ ഡയറക്ടർക്കായിരിക്കും. കേന്ദ്രം പ്രഖ്യാപിച്ച 5000 കോടി രൂപയുടെ കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് പദ്ധതിക്കുകീഴിലാണ് മാൾ ഉയരുക. 50 വർഷത്തേക്ക് പലിശ രഹിത വായ്പയായാണ് കേന്ദ്ര സഹായം. സംസ്ഥാന തലസ്ഥാനത്തോ പ്രധാന ടൂറിസം കേന്ദ്രത്തിലോ സാമ്പത്തിക തലസ്ഥാനത്തോ വേണം യൂനിറ്റി മാൾ നിർമിക്കാനെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു.
ദേശീയോദ്ഗ്രഥനം, മേക്ക് ഇന്ത്യ-ഒരു ജില്ല ഒരു ഉൽപന്നം എന്നിവയുടെ പ്രോത്സാഹനം, കരകൗശല വിദഗ്ധർക്ക് സഹായം, തൊഴിലവസര സൃഷ്ടി, തദ്ദേശ ഉൽപന്നങ്ങളുടെ വിപണി വർധന എന്നിവയാണ് ലക്ഷ്യം. ഓരോ മാളിലും ചുരുങ്ങിയത് 36 സ്റ്റാൾ വേണം. ഓരോ ജില്ലക്കും 200 ചതുരശ്ര അടിയുള്ള ഓരോ സ്റ്റാൾ ഉണ്ടാകും. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സ്റ്റാളുകൾ വരും.
കേന്ദ്ര ഉൽപന്നങ്ങൾ, കരകൗശല ഉൽപന്നങ്ങൾ എന്നിവക്കും സൗകര്യമുണ്ട്. ഭക്ഷണ കേന്ദ്രങ്ങൾ , ശുചിമുറി, പാർക്കിങ് സൗകര്യം എന്നിവയുമുണ്ടാകും. സംസ്ഥാനങ്ങളുടെ സ്റ്റാൾ ചുരുങ്ങിയത് 400 ചതുരശ്ര അടിയാണ്. സാമൂഹിക കേന്ദ്രമായി മാളിനെ മാറ്റുകയാണ് ലക്ഷ്യം.
പൊതുപരിപാടികൾക്കും പ്രദർശനങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും മാൾ വേദിയാകും. മാൾ ഉടമസ്ഥത സർക്കാറിനും നടത്തിപ്പ് സ്വകാര്യ മേഖലക്കും നൽകാമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ടെങ്കിലും കേരളത്തിലേത് എങ്ങനെയാകുമെന്ന് വ്യക്തമാക്കിയിട്ടില്ല.
പദ്ധതി 18 മാസം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. അഞ്ചു നില കെട്ടിടമാണ് ഉദ്ദേശിക്കുന്നത്. ആംഫി തിയറ്ററും വലിയ ഓഡിറ്റോറിയവും ലൈബ്രറിയുമടക്കം സംവിധാനമുണ്ടാകും. ആറന്മുള കണ്ണാടി, ആലപ്പുഴ കയർ, ഞവര അരി, പാലക്കാടൻ മട്ട, മലബാർ കുരുമുളക്, ഏലം, മറയൂർ ശർക്കര, നിലമ്പൂർ തേക്ക് അടക്കം 31 ഇനങ്ങൾ കേരളത്തിന്റേതായി പദ്ധതി രേഖയിൽ പരാമർശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.