തിരുവനന്തപുരം: സർവകലാശാലകളിലുള്ള ഇടപെടലിൽ ഉൾപ്പെടെ ഗവർണറുമായുള്ള പോര് തുടരുന്നതിനിടെ കേരള, കാലിക്കറ്റ് സർവകലാശാലകളുടെ ആക്ട് പിൻവലിക്കാനും പകരം പുതിയനിയമം കൊണ്ടുവരാനുമുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. ഒക്ടോബറിൽ നിയമനിർമാണത്തിന് ഊന്നൽ നൽകി നടത്താനിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബില്ല് കൊണ്ടുവരാനാണ് സർക്കാർ തലത്തിലുള്ള ധാരണ.
സർവകലാശാല നിയമപരിഷ്കരണത്തിന് ഡോ.എൻ.കെ. ജയകുമാർ അധ്യക്ഷനായി സർക്കാർ നിയോഗിച്ച കമീഷൻ റിപ്പോർട്ടിലെ പ്രധാന ശിപാർശകളിലൊന്നായിരുന്നു നിലവിലുള്ള 10 സർവകലാശാലകളുടെയും നിയമം പിൻവലിച്ച് പുതിയ നിയമം പാസാക്കൽ. ഇതിൽ സമാന സ്വഭാവമുള്ള കേരള, കാലിക്കറ്റ് സർവകലാശാലകളുടെ നിയമങ്ങൾ ആദ്യഘട്ടത്തിലും മറ്റ് സർവകലാശാലകളുടേത് പിന്നാലെയും നിയമസഭയിൽ കൊണ്ടുവരാനാണ് ആലോചന. 10 സർവകലാശാലകൾക്കും പകരം കൊണ്ടുവരേണ്ട മാതൃക ആക്ടും നിയമപരിഷ്കരണ കമീഷൻ റിപ്പോർട്ടിനൊപ്പം സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.
വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച് കം സെലക്ഷൻ കമ്മിറ്റിയുടെ ഘടന മാറ്റാനുള്ള ബിൽ നിയമസഭയിൽ കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനമെടുത്തത് നിയമപരിഷ്കരണ കമീഷൻ ശിപാർശയിലാണ്. ഇതിനായുള്ള കരട് ബില്ലിന് കഴിഞ്ഞ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു.
വി.സി നിയമനരീതിയിൽ ഉൾപ്പെടെ സർവകലാശാല നിയമങ്ങളിൽ ഒട്ടേറെ ഭേദഗതികളാണ് കമീഷൻ മുന്നോട്ടുവെച്ചത്. ഭേദഗതികൾ ബില്ലായി കൊണ്ടുവരുന്നതിന് പകരം നിലവിലുള്ള ആക്ടുകൾ ഒന്നടങ്കം പിൻവലിച്ച് ഭേദഗതി ഉൾപ്പെടുത്തിയ പുതിയ ബില്ല് അവതരിപ്പിച്ച് ആക്ടാക്കി മാറ്റാനാണ് കമീഷൻ ശിപാർശ ചെയ്തത്.
കേരള സർവകലാശാലയിൽ വി.സി പദവി ഒക്ടോബറിൽ ഒഴിവുവരുന്ന സാഹചര്യത്തിലാണ് കമീഷൻ ശിപാർശ ചെയ്തതുപ്രകാരം സെർച് കമ്മിറ്റിയിൽ സർക്കാർ നിയന്ത്രണം ഉറപ്പാക്കുന്ന ഭേദഗതി അടിയന്തരമായി കൊണ്ടുവരാൻ തീരുമാനിച്ചത്. സെർച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയെ സർക്കാർ ശിപാർശ പ്രകാരമായിരിക്കണം നാമനിർദേശം ചെയ്യേണ്ടതെന്ന വ്യവസ്ഥ വിവാദമായതോടെ അതൊഴിവാക്കി.
മൂന്നംഗ കമ്മിറ്റിക്ക് പകരം സർക്കാർ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തി അഞ്ചംഗ സെർച് കമ്മിറ്റി രൂപവത്കരിക്കുന്ന രീതിയിലാണ് ബില്ല് കൊണ്ടുവരുന്നത്. ഇതിന് പിന്നാലെയാണ് ആക്ടുകൾ ഒന്നടങ്കം പിൻവലിച്ച് പുതിയ ബില്ല് കൊണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.