തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാർഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഖിലിനെ കുത്തിയ കേസില്‍ നാല് പ്രതികള്‍ പിടിയില്‍. കോളജിലെ എസ്.എ ഫ്.ഐ യൂനിറ്റ് ഭാരവാഹികളായ ആരോമല്‍, അദ്വൈത്, ആദില്‍, ഇജാബ് എന്നിവരെയാണ് കേൻറാൺമെൻറ് പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ കണ്ടാലറിയാവുന്ന 30 പ്രതികളിലൊരാളായ ഇജാബിനെ ഇന്നലെ പുലർച്ചെ നേമത്തെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടൊണ് മുഖ്യപ്രതികളെന്ന് സംശയിക്കുന്ന അദ്വൈതും ആരോമലും ആദിലും സ്റ്റേഷനിൽ ബന്ധുക്കളോടൊപ്പം കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതികളായ കോളജ് യൂനിറ്റ് പ്രസിഡൻറ് ശിവരഞ്ജിത്ത്, സെക്രട്ടറി നസീം, യൂനിറ്റ് ഭാരവാഹികളായ അമർ, ഇബ്രാഹിം, രഞ്ജിത്ത് എന്നിവർ ഒളിവിലാണ്.
ഇവർ 24 മണിക്കൂറിനുള്ളിൽ പൊലീസിന് മുന്നിൽ കീഴടങ്ങുമെന്നാണ് സി.പി.എം ജില്ല നേതൃത്വം സിറ്റി പൊലീസ് കമീഷണറെ അറിയിച്ചിരിക്കുന്നത്. പിടിയിലായ ആരോമലും രണ്ടാംപ്രതി നസീമും കഴിഞ്ഞവര്‍ഷം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പൊലീസുകാരെ മർദിച്ച കേസിലെ പ്രതികളാണ്.
അതേസമയം കേസിലെ മുഖ്യപ്രതിയും കാസർകോട് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നാം റാങ്കുകാരനുമായ ശിവരഞ്ജിത്തിെൻറ വീട്ടിൽനിന്നും കേരള സർവകലാശാലയുടെ എഴുതാത്ത നാല് ബണ്ടിൽ ഉത്തരക്കടലാസുകൾ പൊലീസ് പിടിച്ചെടുത്തു.
വൈകീട്ട് ഇയാളുടെ ആറ്റുകാൽ ചിറമുക്കിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കേരള സർവകലാശാല ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ വ്യാജസീലും കണ്ടെത്തി. കോളജിലെ എം.എ വിദ്യാർഥിയായ ശിവരഞ്ജിത്ത് കോപ്പിയടിക്കാൻ വേണ്ടിയാവാം ഉത്തരക്കടലാസുകള്‍ സൂക്ഷിച്ചിരുന്നതെന്ന നിഗമനത്തിലാണ് പൊലീസ്. റെയ്ഡിനിടെ ശിവരഞ്ജിത്തിെൻറ ബന്ധുക്കള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.
തുടർന്ന് പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. കേരള സർവകലാശാല സോഫ്റ്റ്ബാൾ-ബേസ്ബാൾ താരമായ ശിവരഞ്ജിത്ത് അഖിലേന്ത്യ അന്തർ സർവകലാശാല മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇതിെൻറ ഭാഗമായാണ് സിവിൽ പൊലീസ് ഓഫിസർ കെ.എ.പി നാലാം ബറ്റാലിയൻ (കാസർകോട്) റാങ്ക് പട്ടികയിൽ സ്പോർട്സ് വെയിറ്റേജായി 13.58 മാർക്ക് ലഭിച്ചത്.
എന്നാൽ വെയിറ്റേജ് മാർക്കിനായി സ്പോർട്സ് സർട്ടിഫിക്കറ്റിൽ കൃത്രിമം കാണിച്ചോയെന്ന സംശയം പൊലീസിനുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്പോർട്സ് േക്വാട്ടയിലാണ് ശിവരഞ്ജിത്തും നസീമും അഡ്മിഷൻ നേടിയത്. അതിനാൽ തന്നെ ഇരുവരുടെയും കായികമേഖലയിലെ ട്രാക്ക് െറക്കോഡ് അന്വേഷണസംഘം പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.